ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് ക്ലീനാകും
text_fieldsകണ്ണൂര്‍: കോര്‍പറേഷന്‍ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കംചെയ്യല്‍ പ്രവൃത്തി ആരംഭിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ ചേലോറയില്‍ 60 വര്‍ഷമായി നിക്ഷേപിച്ച മാലിന്യം നീക്കംചെയ്ത് 10 ഏക്കറോളം വരുന്ന സ്ഥലം ഫലപ്രദമായി ഉപയോഗിക്കാനാകും.
ബയോമൈനിങ് വഴി മാലിന്യം ശാസ്ത്രീയമായി തരംതിരിക്കും. കോഴിക്കോട് എന്‍.ഐ.ടി നടത്തിയ സർവേ പ്രകാരം 1,23,822 ക്യുബിക് മീറ്റര്‍ മാലിന്യമാണ് ചേലോറയില്‍ ഉള്ളത്. ഇവ പ്രത്യേക സ്ക്രീനര്‍ മെഷീനിലെ കണ്‍വെയര്‍ ബെല്‍റ്റിലൂടെ കടത്തിവിട്ട് വേര്‍തിരിച്ചെടുക്കും.
വേര്‍തിരിച്ച് കിട്ടുന്നവയില്‍ പ്ലാസ്റ്റിക് സിമന്‍റ് ഫാക്ടറികള്‍ക്ക് കമ്പനി കൈമാറും. മറ്റുള്ള മാലിന്യങ്ങള്‍ പുനരുപയോഗത്തിന് കൈമാറും. മണിക്കൂറിൽ 850 മുതൽ 1000 ക്യുബിക് മീറ്റർ വരെ മാലിന്യം തരംതിരിക്കാൻ കഴിയുന്ന രണ്ട് മെഷീനുകളാണ് പ്രവർത്തിക്കുക.
പുണെയിൽനിന്നാണ് ഇതിനായുള്ള രണ്ട് മെഷീനുകൾ എത്തിച്ചത്. യന്ത്രം ദിവസം 10 മുതൽ 15 മണിക്കൂർ വരെ പ്രവർത്തിപ്പിക്കും. പുണെ ആസ്ഥാനമായ റോയല്‍ വെസ്റ്റേണ്‍ പ്രോജക്ട് എൽ.എൽ.പി, ജന്‍ ആധാര്‍ സേവ ഭാവി സാന്‍സ്താ, എം.എസ്. അരവിന്ദ് അസോസിയേറ്റ്സ് എന്നീ കമ്പനികള്‍ ചേര്‍ന്നുള്ള കണ്‍സോർട്യമാണ് എട്ട് കോടിയോളം ചെലവ് വരുന്ന പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.
എട്ട് മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ഈ പദ്ധതിയിലൂടെ ചേലോറ നിവാസികള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമുണ്ടാവുകയാണെന്ന് മേയര്‍ ടി.ഒ. മോഹനന്‍ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനും നാടിന്‍റെ ശുചിത്വത്തിനും പ്രാധാന്യം നല്‍കിയുള്ള വികസന ക്ഷേമപ്രവര്‍ത്തനങ്ങളാണ് കോര്‍പറേഷന്‍ ഏറ്റെടുത്തുനടത്തുന്നത്.
കേന്ദ്രസർക്കാറിന്റെ മാനദണ്ഡപ്രകാരം കണ്ണൂര്‍ നഗരത്തെ മാലിന്യരഹിത നഗരമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മേയർ പറഞ്ഞു. പ്രവൃത്തിയുടെ ഉദ്ഘാടനം മേയർ അഡ്വ. ടി.ഒ. മോഹനൻ നിര്‍വഹിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഐ.എ.എസ് മുഖ്യാതിഥിയായി.
തരംതിരിക്കൽ ബയോമൈനിങ് വഴി
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മണ്ണിലെ മൈക്രോ പ്ലാസ്റ്റിക് അടക്കമുള്ള അംശങ്ങൾ വേർതിരിച്ചെടുക്കും. ഇതിന് പുറമെ കല്ല്, മണ്ണ്, കോൺക്രീറ്റ് അവശിഷ്ടങ്ങൾ, ഇരുമ്പ്, തുണി, തടി തുടങ്ങിയ അവശിഷ്ടങ്ങൾ മണ്ണിൽനിന്ന് വേർതിരിച്ച് സംസ്കരിക്കും.
പതിറ്റാണ്ടുകളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യം ഇളക്കി, രോഗാണുക്കളായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിന് പ്രത്യേക ഇനോക്കുലം കലർത്തിയ വെള്ളം തളിച്ചശേഷമാണ് മാലിന്യം വേർതിരിക്കുക. മണ്ണിൽ ലയിക്കാത്ത മാലിന്യം മുഴുവൻ ഈ സാങ്കേതിക വിദ്യയിലൂടെ നീക്കംചെയ്യാനാകുമെന്നാണ് പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.