അപൂര്‍വമീ സൗഹൃദം...കര്‍ഷകനോട് കൂട്ടുകൂടി കാട്ടുപന്നി
text_fieldsചെറുപുഴ: കാട്ടുപന്നിയും കാട്ടാനയും ഉള്‍പ്പെടെ വന്യജീവികൾ കൃഷിയിടങ്ങളിലിറങ്ങി നാശം വിതക്കുന്നതിനെതിരെ കര്‍ഷകര്‍ നിരന്തരം പ്രതിഷേധമുയര്‍ത്തുന്ന മലയോരത്തുനിന്ന് മനുഷ്യനും വന്യജീവിയും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെ ഒരു കഥ ഇതാ.
ജീവിതഗന്ധിയായ ഈ കഥ നടക്കുന്നത് ചെറുപുഴ പഞ്ചായത്തിലെ എയ്യന്കല്ലിലാണ്. പ്രാപ്പൊയില്‍ എയ്യന്‍കല്ലിലെ കര്‍ഷകനായ കുണ്ടിലെപുരയില് രാഘവനും അദ്ദേഹത്തിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായ അര്‍ജു എന്നു വിളിപ്പേരുള്ള കാട്ടുപന്നിയും തമ്മിലുള്ളതാണ് ഈ അപൂര്‍വ സൗഹൃദം.
ഏഴു മാസം മുമ്പ് പരിക്കേറ്റ നിലയില്‍ തന്റെ കൃഷിയിടത്തിന് സമീപം രാഘവന് കണ്ടെത്തിയതാണ് ഈ കാട്ടുപന്നിക്കുഞ്ഞിനെ. അതിനെ എടുത്തുകൊണ്ടുവന്ന് മരുന്നു വെച്ചുകെട്ടി ഭക്ഷണവും വെള്ളവും നൽകി. പരിക്ക് ഭേദമായ കാട്ടുപന്നി തിരിച്ചുപോയെങ്കിലും വൈകാതെ രാഘവന്റെ വീട്ടിലെത്തുന്നത് പതിവായി.
രാഘവനും ഭാര്യ സരോജിനിയും അവന് അര്‍ജു എന്നു പേരിട്ടു. ഒപ്പം കൂടാന്‍ വളര്‍ത്തുപട്ടികളുമുണ്ട്. അതിലൊന്ന് സദാ അര്ജുനൊപ്പമുണ്ടാകും. അര്‍ജു സമീപത്തെ കാട്ടിലേക്ക് കയറിപ്പോകുമ്പോള്‍ അവന് തിരികെ വരും. ഇതാണ് പതിവ്.
കാട്ടുകിഴങ്ങും ചേമ്പും ചേനയുമൊക്കെ ആഹാരമാക്കുമെങ്കിലും രാഘവന്റെ വീട്ടില്‍നിന്ന് നല്കുന്ന കഞ്ഞിയും കപ്പയും ബിസ്കറ്റുമൊക്കെയാണ് അര്‍ജുന്റെ ഇഷ്ടവിഭവങ്ങള്‍. ആദ്യമൊക്കെ രാഘവനും വീട്ടിലുള്ളവരും മാത്രമുള്ളപ്പോഴേ ഇവന് എത്താറുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അപരിചിതരെ കണ്ടാലും ഭയപ്പാടില്ല. അര്‍ജു എന്ന വിളികേട്ടാല് കാട്ടിനുള്ളില്‍നിന്ന് അധികം വൈകാതെ വീട്ടിലേക്കെത്തും.
വീട്ടുപറമ്പിലെ ചേമ്പും ചേനയുമൊക്കെ ഇവന് കുത്തിത്തിന്നുമെങ്കിലും രാഘവന് ഇവനെക്കുറിച്ച് പരാതിയില്ല. മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളുടെ പതിവ് വാര്‍ത്തകള്‍ക്കിടയിലാണ് രാഘവനും അര്‍ജു എന്ന കാട്ടുപന്നിയും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെ കഥ വ്യത്യസ്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.