കോവിഡ് രോഗികളെ കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സ് ആക്രമിച്ചു
text_fieldsചെറുപുഴ: കോവിഡ് പോസിറ്റിവായ അന്തര്‍സംസ്ഥാന തൊഴിലാളികളെ മുണ്ടയാട് ഫസ്റ്റ് ലൈന്‍ കോവിഡ് സെൻററിലേക്ക് കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറെയും സ്റ്റാഫ് നഴ്സിനെയും ആക്രമിച്ചതായി പരാതി. സംഭവത്തില്‍ പാണപ്പുഴ സ്വദേശികളായ രാഹുല്‍ (23), ജിജേഷ് (27), കാനായിലെ കെ. സുരാജ് (25), മണിയറയിലെ രഞ്ജിത് (26), കണ്ണാടിപ്പൊയിലിലെ വിജേഷ് (30) എന്നിവര്‍ക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തു.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെ പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയിലെ സുവിശേഷപുരത്തായിരുന്നു അക്രമം. കക്കറക്കടുത്ത് കായപ്പൊയിലില്‍ തൊഴിലെടുക്കുന്ന രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികളെ കോവിഡ് സെൻററിലേക്ക് മാറ്റാന്‍ പഴയങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നുമെത്തിയ ആംബുലന്‍സ് വഴിതെറ്റി ഒലയമ്പാടിക്കടുത്ത് കണ്ണാടിപ്പൊയില്‍ ഭാഗത്തേക്ക് എത്തുകയായിരുന്നു.
വഴി തെറ്റിയെന്നു മനസ്സിലാക്കിയ ആംബുലന്‍സ് ഡ്രൈവര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ബന്ധപ്പെട്ടു ശരിയായ റൂട്ടു മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിലെത്തിയ അഞ്ചംഗ സംഘം ആംബുലന്‍സ് തടയുകയും ഡ്രൈവറെയും സ്റ്റാഫ് നഴ്സിനെയും അസഭ്യം പറയുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടി. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.