കാട്ടാനയെ തുരത്താന്‍ ജൈവ ലായനി
text_fieldsചെറുപുഴ: കാടിറങ്ങി കൃഷിയിടങ്ങളിലെത്തുന്ന കാട്ടാനകളെ തുരത്താന്‍ കര്‍ഷകര്‍ കണ്ടെത്തിയ ജൈവ പ്രതിരോധ ലായനിയുടെ പരീക്ഷണം കാനംവയല്‍ ചേനാട്ടുകൊല്ലിയില്‍ തുടങ്ങി.
കര്‍ണാടക വനത്തോട് ചേര്‍ന്നു കിടക്കുന്ന ചേനാട്ടുകൊല്ലി ഭാഗത്തെ കൃഷിയിടങ്ങളിലും വനാതിര്‍ത്തിയിലുമാണ് പ്രതിരോധ ലായനി പരീക്ഷണാടിസ്ഥാനത്തില്‍ തളിച്ചത്. രാജഗിരി നവജീവന്‍ ഫാര്‍മേഴ്സ് ക്ലബ്, ചെറുപുഴ കൃഷിഭവന് എന്നിവയുടെ സഹകരണത്തോടെ ജൈവകര്ഷകന് തെരുവംകുന്നേല്‍ കുര്യാച്ചെൻറ നേതൃത്വത്തിലാണ് ഈ മാസമാദ്യം ജൈവ പ്രതിരോധ ലായനി തയാറാക്കിത്തുടങ്ങിയത്.
കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങള്‍ക്ക് ജീവനാശം വരുത്താതെ ജൈവലായനി തളിച്ച് അവയെ കൃഷിയിടത്തില്‍നിന്ന് അകറ്റിനിര്‍ത്തുക എന്നതാണ് പരീക്ഷണത്തിെൻറ ലക്ഷ്യം. അറവു മാലിന്യവും ഉഴുന്നും വേവിച്ചതിനുശേഷം ഇതില്‍ ശര്‍ക്കര, ആനമയക്കിയുടെ ഇലകള്‍, കാട്ടുപുകയില, ആടലോടകം, ആടിെൻറ മൂത്രം, ആനപ്പിണ്ഡം എന്നിവ ചേര്‍ത്താണു മിശ്രിതം ഉണ്ടാക്കിയത്. പിന്നീട് ഇതില്‍ വേപ്പെണ്ണയും മറ്റൊരു ഔഷധവും കൂടി ചേര്‍ക്കും.
ഒട്ടുമിക്ക കാട്ടുമൃഗങ്ങളും അതിെൻറ വിസര്‍ജ്യം ഭക്ഷിക്കില്ലെന്ന പ്രകൃതിനിയമമാണ് ലായനിയുടെ നിര്‍മാണത്തിലും ഉപയോഗിച്ചിരിക്കുന്നത്. 21 ദിവസത്തോളം തയാറാക്കി സൂക്ഷിച്ചശേഷമാണ് ലായനി കൃഷിയിടങ്ങളില്‍ തളിക്കുന്നത്. നേരത്തെ വാഴകൃഷി നശിപ്പിക്കുന്ന കുരങ്ങുകളെ തുരത്താന്‍ കുര്യാച്ചന് നിര്‍മിച്ച ജൈവലായനിയുടെ പ്രയോഗം വിജയിച്ചതോടെയാണ് കാട്ടാനക്കും ഇതേരീതി പരീക്ഷിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.
ചേനാട്ടുകൊല്ലിയിലെ കൃഷിയിടത്തില്‍ മരുന്ന് പ്രയോഗിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്സാണ്ടര്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് കെ.കെ. ജോയി, പഞ്ചായത്ത് സെക്രട്ടറി എം.പി. ബാബുരാജ്, കൃഷി വകുപ്പ് ജീവനക്കാര്‍ എന്നിവരുമെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.