ചെറുപുഴ ചെക്ക്ഡാം ബസ് സ്റ്റാൻഡ് റോഡ് അപകടക്കെണിയായി
text_fieldsചെറുപുഴ: മഴ തുടങ്ങിയതോടെ ചെറുപുഴ ചെക്ക്ഡാമിന്റെ സമീപത്തുകൂടി ബസ് സ്റ്റാന്‍ഡിലേക്കെത്തുന്ന റോഡ് അപകടക്കെണിയായി. റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയായിട്ടുള്ളത്.
ചെക്ക്ഡാമിന് സമീപം പഞ്ചായത്ത് നിര്‍മിച്ച പാര്ക്കിന് സമീപത്താണ് റോഡ് ഏറ്റവും ശോചനീയ നിലയിലുള്ളത്. കമ്പല്ലൂര്‍, കടുമേനി, തവളക്കുണ്ട് ഭാഗങ്ങളില്‍നിന്ന് ചെറുപുഴയിലേക്ക് വരുന്ന നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്നതാണ് ചെറുപുഴ ചെക്ക്ഡാം ബസ് സ്റ്റാൻഡ് റോഡ്. ടൗണിലേക്ക് എത്തിപ്പെടാനുള്ള ഈ റോഡിന്റെ പലഭാഗത്തും ടാറിങ് ഇളകി താറുമാറായിട്ട് നാളുകളായി.
കഴിഞ്ഞദിവസങ്ങളില്‍ മഴ പെയ്തതോടെ ഈ ഭാഗത്ത് വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. വെള്ളക്കെട്ടിലൂടെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഏറെപ്രയാസപ്പെട്ടാണ് പോകുന്നത്. ടൗണിലെ പോക്കറ്റ് റോഡുകള്‍ നവീകരിക്കാന്‍ ഫണ്ട് മാറ്റിവെച്ചിട്ടുണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല.
റോഡിലെ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടാതിരിക്കാന്‍ ഓട്ടോറിക്ഷകളും മറ്റും ഇപ്പോള്‍ തിയറ്റര്‍ റോഡ് വഴിയാണ് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് വരുന്നത്. റോഡിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ ഉല്ലസിക്കാന്‍ നിരവധിപേരാണ് എത്താറുള്ളത്. റോഡിലെ കുഴിയിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ ചെളിവെള്ളം പാര്‍ക്കിനുള്ളിലേക്ക് തെറിക്കാറുണ്ട്. മഴവെള്ളം ഒഴുകിപ്പോകാന്‍ ഈ ഭാഗത്ത് ഓവുചാലില്ലാത്തതിനാല്‍ മഴ പെയ്യുന്ന സമയം റോഡിന്റെ മീറ്ററുകളോളം ദൂരം വെള്ളക്കെട്ടായി മാറും.
പഞ്ചായത്തുവക പാര്‍ക്കില്‍നിന്ന് മാറി കുട്ടികളുടെ പാര്‍ക്കും തുറന്നുകൊടുത്തിട്ടുണ്ട്. ഇതോടെ ഈഭാഗത്ത് ആള്‍സഞ്ചാരം വര്‍ധിക്കും. ഉല്ലാസത്തിനായി കുടുംബസമേതം എത്തുന്നവരുടെയും പതിവ് വാഹനയാത്രക്കാരുടെയും സുരക്ഷ കരുതി അടിയന്തിര പ്രാധാന്യത്തോടെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.