ചെറുപുഴ പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമാകും
text_fieldsചെറുപുഴ: പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെറുപുഴ പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമൊരുങ്ങാൻ വഴിതെളിയുന്നു. ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്നുള്ള പഞ്ചായത്ത് വക മൃഗാശുപത്രി, കൃഷിഭവൻ എന്നിവ മറ്റൊരിടത്തേക്ക് മാറ്റി ആ കെട്ടിടങ്ങളും സ്ഥലവും പൊലീസ് സ്റ്റേഷന് കൈമാറാനാണ് നീക്കം. ഇത് സാധ്യമായാൽ പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് തുക അനുവദിക്കാൻ ആഭ്യന്തര വകുപ്പിന് തടസ്സമുണ്ടാകില്ല.
ചെറുപുഴ പൊലീസ് സ്റ്റേഷന് സൗകര്യപ്രദമായ കെട്ടിടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെറുപുഴ സ്റ്റേഷന് സ്വന്തമായി പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്നായിരുന്നു ചോദ്യം.
അനുയോജ്യമായ സർക്കാർ ഭൂമി ലഭ്യമാകാത്ത സാഹചര്യത്തിൽ നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥലവും കെട്ടിടവും പൊലീസ് വകുപ്പിന് കൈമാറുന്നതിന് ചെറുപുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കൃഷിഭവനും വെറ്ററിനറി ഡിസ്പെൻസറിയും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്ന മുറക്ക് പ്രസ്തുത സ്ഥലവും കെട്ടിടവും പൊലീസ് വകുപ്പിന് കൈമാറാമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു മറുപടിയിൽ വ്യക്തമാക്കിയത്.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയാണ് പഞ്ചായത്ത് വക കെട്ടിട സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്ന ഗവ. ആയുർവേദ ആശുപത്രി പഞ്ചായത്തിന്റെ തന്നെ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലേക്ക് മാറ്റി പൊലീസ് സ്റ്റേഷൻ തുടങ്ങാൻ സൗകര്യമൊരുക്കിയത്.
പിന്നീട് പുഴ പുറമ്പോക്കിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലം പൊലീസ് സ്റ്റേഷന് വേണ്ടി ആലോചിച്ചെങ്കിലും റോഡ് സൗകര്യം ഇല്ലാത്തതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നു. റവന്യൂ ഭൂമി പരിമിതമായ ചെറുപുഴ പഞ്ചായത്തിന് ആയുർവേദ ആശുപത്രി കെട്ടിടം നിർമിക്കാൻ തന്നെ സ്ഥലം കണ്ടെത്താൻ കഴിയാതിരിക്കെ മൃഗാശുപത്രി, കൃഷിഭവൻ എന്നിവ എവിടേക്ക് മാറ്റി സ്ഥാപിക്കുമെന്ന ആശങ്ക ബാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.