പുലിപ്പേടിയില്‍ നാട്; വളര്‍ത്തുനായെ ആക്രമിച്ചു
text_fieldsചെറുപുഴ: നാട്ടുകാരെ ആശങ്കയിലാക്കി ചെറുപുഴയിലും പരിസരപ്രദേശങ്ങളിലും അജ്ഞാതജീവിയുടെ സാന്നിധ്യം തുടരുന്നു. ചെറുപുഴ പഞ്ചായത്തിന്റെ അതിര്‍ത്തിയിലെ നെടുംചാലില്‍ പുലിയെന്നു സംശയിക്കുന്ന ജീവി വളര്‍ത്തുനായെ ആക്രമിച്ചു. നെടുംചാലിലെ പി.വി. കുഞ്ഞിക്കണ്ണന്റെ വളര്‍ത്തുനായെയാണ് കഴിഞ്ഞദിവസം പുലര്‍ച്ച അജ്ഞാതജീവി ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. വീടിന്റെ സിറ്റൗട്ടില്‍ കയറി നായെ കടിച്ചുകൊണ്ടുപോകാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നു. വായയിലും കഴുത്തിലും പരിക്കേറ്റ നായ് ചികിത്സയിലാണ്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് വന്യജീവിയുടെ കാല്പാടുകളും കണ്ടെത്തി.
തട്ടുമ്മല്‍, നെടുംചാല്‍ പ്രദേശങ്ങളോട് ചേര്‍ന്നുള്ള കൂവക്കര മലയിലെ ആള്‍പാര്‍പ്പില്ലാത്ത ഏക്കറുകളോളം സ്ഥലം കാടുപിടിച്ചുകിടക്കുകയാണ്. ഇവിടെ കരിങ്കല്‍ ക്വാറിക്കുവേണ്ടി വാങ്ങിക്കൂട്ടിയ ഈ സ്ഥലത്ത് വന്യജീവികള്‍ താവളമാക്കിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. കഴിഞ്ഞദിവസം രാത്രി പത്തോടെ ചെറുപുഴ ടൗണിന് സമീപം മെയിന്‍ റോഡില്‍ പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞതിനു പിന്നാലെ വ്യാപകമായ തെരച്ചില്‍ നടന്നിരുന്നു. ഇവിടെ റോഡിന് സമീപത്ത് പഴയ മര ഉരുപ്പടികളും മറ്റും വില്‍ക്കുന്ന കടയോട് ചേര്‍ന്ന് കൂട്ടിലിട്ടിരുന്ന നായ്ക്കളുടെ സമീപമാണ് ജീവി എത്തിയത്. ഏതാനും ദിവസങ്ങളായി ചെറുപുഴ ടൗണിനു സമീപത്തും കാര്യങ്കോട് പുഴയുടെ മറുകരയിലും അജ്ഞാത ജീവിയുടെ സാന്നിധ്യം പ്രകടമാണ്. ഇതിനു പിന്നാലെയാണ് നെടുംചാലില്‍ വളര്‍ത്തുനായയെ അജ്ഞാത ജീവി ആക്രമിച്ച് പരിക്കേൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.