ചെറുപുഴയിൽ റവന്യൂ ഉദ്യോഗസ്ഥരെ കര്‍ണാടക തടഞ്ഞു
text_fieldsചെറുപുഴ: കര്‍ണാടക വനാതിര്‍ത്തിയോടുചേര്‍ന്ന് ചെറുപുഴ പഞ്ചായത്തിലുള്ളവര്‍ താമസിക്കുന്ന പ്രദേശത്ത് പരിശോധനക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് തിരിച്ചയച്ചു. കര്‍ണാടക വനംവകുപ്പിന്റെ കുടിയിറക്ക് നോട്ടീസ് ലഭിച്ച മീന്തുള്ളി റവന്യൂവില്‍ പരിശോധനക്കെത്തിയ ഡെപ്യൂട്ടി തഹസില്‍ദാരും താലൂക്ക് സര്‍വേയറും ഉള്‍പ്പെട്ട സംഘത്തെയാണ് കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥന് തടഞ്ഞത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ എച്ച്. സൈഫുദ്ദീന്, താലൂക്ക് സര്‍വേയര്‍ സതീഷ് ജോയ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കെ.വി. തമ്പാന്, പുളിങ്ങോം വില്ലേജ് ഓഫിസര്‍ കെ.എസ്. വിനോദ്കുമാര്‍, വില്ലേജ് അസിസ്റ്റന്റുമാരായ എം. വിഷ്ണു, കെ.ഇ. ഷറഫുദ്ദീന് എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച രാവിലെ 11.30 ഓടെ കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴക്കും ഇടയിലുള്ള മീന്തുള്ളി റവന്യൂവില്‍ പരിശോധനക്കായി എത്തിയത്. ആഴ്ചകൾക്കുമുമ്പ് ഇവിടെയുള്ള 13 കര്‍ഷക കുടുംബങ്ങള്‍ക്ക് കര്‍ണാടക വനംവകുപ്പ് കുടിയിറക്ക് നോട്ടീസ് നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയും പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനനും ഇക്കാര്യത്തില്‍ ഇടപെട്ടു. തന്റെ ഇടപെടലിനെ തുടര്‍ന്ന് കുടിയിറക്ക് നീക്കം നിര്‍ത്തിവെച്ചതായി കര്‍ണാടകം അറിയിച്ചതായി രാജ്മോഹന്‍ ഉണ്ണിത്താന് പ്രദേശവാസികളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റവന്യൂ വകുപ്പ് ഇടപെടുകയും ഉദ്യോഗസ്ഥ സംഘം പരിശോധനക്ക് എത്തുകയും ചെയ്തത്. പുളിങ്ങോം വില്ലേജിലെ പഴയ ഭൂരേഖകളുമായാണ് സംഘമെത്തിയത്. ഒരു മണിക്കൂറോളം സമയം ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലെ കല്ലുകളും രേഖകളും ഒത്തുനോക്കി പരിശോധന നടത്തി. ഇതിനിടെ അതിര്‍ത്തിയില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്നതറിഞ്ഞ് എത്തിയ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തങ്ങളുടെ വനാതിര്‍ത്തിയില്‍ പ്രവേശിക്കണമെങ്കില്‍ ഡി.എഫ്.ഒയുടെ അനുമതി വേണമെന്നും, സംയുക്ത പരിശോധനക്ക് മാത്രമേ അനുവദിക്കൂ എന്നും പറഞ്ഞാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.