എയ്യന്‍കല്ല് ക്വാറിക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നൽകാൻ നീക്കം
text_fieldsചെറുപുഴ: ജനകീയ സമരത്തെ തുടര്‍ന്ന് ഖനനം നിലച്ച പ്രാപ്പൊയില്‍ എയ്യന്‍കല്ല് ക്വാറിക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് മുന്നോടിയായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തി. പരിശോധന നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ ക്വാറിവിരുദ്ധ സമരസമിതി പ്രവര്‍ത്തകരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് പരിശോധന നടന്നത്.
ക്വാറിയുമായി ബന്ധപ്പെട്ട് സമരസമിതി പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് കേള്‍ക്കാമെന്നും എന്നാല്‍ പരിശോധന നടക്കുന്ന ഭാഗത്തേക്ക് ഇവര്‍ വരാന്‍ പാടില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥന് നിലപാട് എടുത്തതാണ് ഏറെ നേരത്തെ വാക്കേറ്റത്തിനിടയാക്കിയത്. ക്വാറി നടത്തിപ്പുകാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് നാട്ടുകാര്‍ ക്വാറിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥന് വിലക്കിയത്.
വാക്കേറ്റം രൂക്ഷമായതോടെ എ.ഡി.എമ്മിന്റെ നിര്‍ദേശപ്രകാരം സ്ഥലത്തുണ്ടായിരുന്ന പയ്യന്നൂര്‍ തഹസില്‍ദാരും തിരുമേനി വില്ലേജ് ഓഫിസറും നാട്ടുകാരുമായി സംസാരിച്ചെങ്കിലും പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള സമരസമിതി പ്രവര്‍ത്തകര്‍ വഴങ്ങിയില്ല.
തുടര്‍ന്ന് ചെറുപുഴ പഞ്ചായത്ത് സെക്രട്ടറി ആര്. ജയകുമാര്‍, പഞ്ചായത്തംഗങ്ങളായ കെ.എം. ഷാജി, സന്തോഷ് ഇളയിടത്ത് എന്നിവരും ചെറുപുഴ എസ്.ഐ എം.പി. ഷാജിയുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. ഇവര്‍ നാട്ടുകാരുമായി സംസാരിക്കുകയും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി തിരിച്ചുപോവുകയുമായിരുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്റ് എൻജിനീയര്‍ എം.എ. ഷിജു, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ. റഷീദ്, പയ്യന്നൂര്‍ തഹസില്‍ദാര്‍ എം.കെ. മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്വാറിയില്‍ പരിശോധന നടത്തിയത്. എയ്യന്‍കല്ല് ക്വാറിയില്‍ നടക്കുന്ന സ്ഫോടനത്തില്‍ വീടുകള്‍ക്ക് വിള്ളല്‍ വീഴുന്നതും സമീപത്തെ തോട് മലിനമാകുന്നതുമാണ് ക്വാറിക്കെതിരെ ജനവികാരം ഉയരാന്‍ ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.