ആര്‍ക്കും വേണ്ടാതെ വാഴക്കുലകള്‍; വലഞ്ഞ് കര്‍ഷകര്‍
text_fieldsചെറുപുഴ: വിളവെടുത്ത വാഴക്കുല വിറ്റഴിക്കാന്‍ മാര്‍ഗമില്ലാതായതോടെ, കര്ഷകന് കുലകള്‍ വെട്ടിക്കൂട്ടി കാലിത്തീറ്റയാക്കാനൊരുങ്ങുന്നു. ജോസ്ഗിരിയിലെ കൊറ്റിയാത്ത് പീറ്റര്‍ ജോസഫാണ് വിളവെടുത്ത രണ്ട് ക്വിൻറലിലധികം വാഴക്കുലകള്‍ വിറ്റഴിക്കാന്‍ വിപണിയില്ലാതെ ഉഴലുന്നത്. വിവിധയിടങ്ങളിലായി അഞ്ച് ഏക്കറോളം സ്ഥലത്താണ് പീറ്റര്‍ വാഴകൃഷി നടത്തിയത്. നേന്ത്രവാഴക്കൊപ്പം ഞാലിപ്പൂവന്, സോദരി എന്നിവയും കൃഷി ചെയ്തിരുന്നു.
കഴിഞ്ഞദിവസം വിളവെടുത്ത ഞാലിപ്പൂവനും സോദരിയുമൊക്കെയാണ് വിറ്റഴിക്കാനാകാതെ വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരിക്കുന്നത്. കിലോക്ക് 10 രൂപ നല്കിപ്പോലും വാങ്ങാന്‍ കച്ചവടക്കാര്‍ തയാറാകുന്നില്ലെന്നു പീറ്റര്‍ പറയുന്നു. വിപണിയില്‍ ചെറുപഴത്തിന് കിലോക്ക് 35 രൂപയോളം വിലയുള്ളപ്പോഴാണ് വാഴക്കുല വില്ക്കാനാകാതെ കര്‍ഷകര്‍ കഷ്ടപ്പെടുന്നത്. വില്ക്കാന് കഴിയാതായതോടെ, ഇവ വെട്ടിക്കൂട്ടി പശുക്കള്‍ക്കും പന്നികള്‍ക്കും തീറ്റയായി കൊടുക്കാനാണ് പീറ്ററിെൻറ തീരുമാനം.
സമ്മിശ്ര വിളകള്‍ കൃഷി ചെയ്യുന്ന ചെറുപുഴ പഞ്ചായത്തിലെ മികച്ച കര്‍ഷകരിലൊരാളാണ് പീറ്റര്‍. സമ്മിശ്ര കൃഷി പ്രോത്സാഹിപ്പിക്കുന്നുവെന്നു പറയുന്ന കൃഷിവകുപ്പ് കര്‍ഷകരുടെ ഉല്പന്നങ്ങള് വിറ്റഴിക്കാന്‍ വിപണി കണ്ടെത്താന്‍ സഹായിക്കാത്തതും കര്‍ഷകരെ നിരാശരാക്കുന്നു. ഗ്രാമീണ ചന്തകള്‍ തിരിച്ചുകൊണ്ടുവരാന്‍ പഞ്ചായത്ത് അധികൃതര്‍ മനസ്സുവെച്ചാല്‍ തങ്ങളെപ്പോലുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.