പുളിങ്ങോം-ബാഗമണ്ഡല പാത യാഥാര്‍ഥ്യമാകാനുള്ള സാധ്യത മങ്ങി
text_fieldsചെറുപുഴ: മലയോര പഞ്ചായത്തുകളുടെ വന്‍ വികസനത്തിന് കാരണമാകുമെന്നു കരുതിയ ഏഴിമല -പുളിങ്ങോം- ബാഗമണ്ഡല പാത യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി
. കേരളത്തില്‍നിന്നും കര്‍ണാടകയിലെ കുടക് ജില്ലയിലുള്‍പ്പെട്ട തലക്കാവേരിയിലേക്കെത്തുന്ന തരത്തിലുള്ള പാതക്കായി നിലവില്‍ പ്രപ്പോസലുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതം, ദേശീയപാത മന്ത്രാലയം അറിയിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നിതിന്‍ ഗഡ്കരി നല്കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഇതോടെ കര്‍ണാടകത്തിലെ കുടക്, മൈസൂരു, മാണ്ട്യ, ബംഗളൂരു എന്നിവിടങ്ങളിലേക്കും തമിഴ്നാട്ടിലേക്കും എത്തിപ്പെടുന്ന വിധത്തില്‍ വിഭാവനം ചെയ്ത അന്തര്‍സംസ്ഥാന പാത യാഥാര്‍ഥ്യമാകാനുള്ള സാധ്യത വിദൂരത്തായി.
ഏഴിമല നേവല്‍ അക്കാദമിക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ വെള്ളൂരില്‍ നിന്നും പുളിങ്ങോം വഴി കര്‍ണാടക വനത്തിലൂടെ ബാഗമണ്ഡലയിൽ എത്തിപ്പെടുന്ന റോഡ് അനുവദിച്ചുകിട്ടുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പേ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് കേരളം ശ്രമം തുടങ്ങിയിരുന്നു. ഇതിെൻറ ഭാഗമായി 2005ല്‍ കാര്യങ്കോട് പുഴക്കുകുറുകെ പുളിങ്ങോം ടൗണില്‍ നിന്നും കര്‍ണാടക വനാതിര്‍ത്തിയിലേക്ക് കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുകയും ചെയ്തു.
പിന്നീട് കര്‍ണാടക വനം വകുപ്പിെൻറ എതിര്‍പ്പിനെ തുടര്‍ന്നു റോഡ് വികസനം സാധ്യമാകാതെ വന്നു. വനത്തിലൂടെയുള്ള ഇത്തരമൊരു പാത കാവേരി നദിയുടെ ഉത്ഭവ സ്ഥാനത്തെയും വനസമ്പത്തിനെയും നശിപ്പിക്കുമെന്നാണ് കര്‍ണാടക വനം വകുപ്പ് തടസ്സമായി ഉന്നയിച്ചത്. ഇതോടെ പാലം ഉപയോഗശൂന്യമായി. എന്നാല്‍, അടുത്ത കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഭക്തരെത്തുന്ന മാടായിക്കാവിനെയും മലയാളികള്‍ തീര്‍ഥാടനം നടത്തുന്ന തലക്കാേവരിയെയും പുളിങ്ങോം വഴി ബന്ധിപ്പിക്കുന്ന തരത്തില്‍ ഈ പാത അനുവദിച്ചു കിട്ടാനുള്ള ശ്രമങ്ങളുണ്ടായി.
മാടായിക്കാവില്‍ നിന്നും പുളിങ്ങോം വഴി തലക്കാവേരിയില്‍ എത്താന്‍ 42 കിലോമീറ്റര്‍ ദൂരമാണുള്ളത്. എന്നാല്‍, ഇപ്പോള്‍ മൂന്നു മണിക്കൂര്‍ സമയമെടുത്ത് 78 കിലോമീറ്റര്‍ സഞ്ചരിച്ച് തയ്യേനി, പറമ്പ, മാലോം, കോളിച്ചാല്‍, ബളാന്തോട്, പാണത്തൂര്‍, ദോതച്ചേരി വഴിയാണ് കുടക് ജില്ലയിലെ ബാഗമണ്ഡലയില്‍ എത്തുന്നത്.
അവിടെ നിന്നും വീണ്ടും യാത്ര ചെയ്താണ് ഭക്തര്‍ തലക്കാവേരിയിലേക്കെത്തുന്നത്.
മാടായിക്കാവ്-പുളിങ്ങോം-തലക്കാവേരി പാത നിര്‍മിച്ചാല്‍ വളരെ എളുപ്പത്തില്‍ തലക്കാവേരിയിലെത്താം. നിലവില്‍ പുളിങ്ങോം വരെ മെക്കാഡം ടാർ ചെയ്ത റോഡും ബാക്കി ദൂരം കര്‍ണാടക വനത്തിെൻറ ഭാഗമായ മുണ്ടറോട്ട് റേഞ്ചിലൂടെ 18 കിലോമീറ്റര്‍ ദൂരത്തില്‍ മണ്ണ് റോഡുമുണ്ട്. ഗ്രേറ്റര്‍ തലക്കാവേരി നാഷനല്‍ പാര്‍ക്കിലൂടെ കടന്നുപോകുന്ന മണ്ണു റോഡിെൻറ പൂര്‍ണ നിയന്ത്രണം കര്‍ണാടക വനം വകുപ്പിെൻറ കൈയിലാണ്.
ഇതേ വനപാതയിലൂടെ കടന്നുപോകുന്ന തരത്തില്‍ തലശ്ശേരി -മൈസൂരു റെയില്‍പാതക്ക് സര്‍വേ നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ മാടായിക്കാവ്-പുളിങ്ങോം-ബാഗമണ്ഡല പാതക്കും അനുമതി ലഭിക്കുമെന്നാണ് മലയോരത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍, രണ്ടു ദശാബ്ദത്തിലധികമായി മലയോര ജനത ചര്‍ച്ച ചെയ്യുന്ന ഈ പാതക്കുവേണ്ടി കാര്യങ്ങള്‍ ഒന്നില്‍നിന്നും തുടങ്ങേണ്ട സ്ഥിതിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.