പുളിങ്ങോം-ബാഗമണ്ഡലം പാത തുറക്കാന്‍ സാധ്യതയേറുന്നു
text_fieldsചെറുപുഴ: ചെറുപുഴയും ഈസ്റ്റ് എളേരിയും ഉള്‍പ്പെടുന്ന മലയോര പഞ്ചായത്തുകളിലെ ജനങ്ങള്‍ ദീര്‍ഘകാലമായി തുറന്നുകിട്ടാന്‍ ആഗ്രഹിക്കുന്ന പുളിങ്ങോം ബാഗമണ്ഡലം പാത തുറക്കാന്‍ സാധ്യത തെളിയുന്നു. പ്രദേശവാസികള്‍ കര്‍ണാടകയിലെ തീര്‍ഥാടന കേന്ദ്രമായ തലക്കാവേരിയിലേക്ക് യാത്ര ചെയ്തിരുന്ന പാത തടഞ്ഞത് കര്‍ണാടക വനംവകുപ്പാണ്. 28 വര്‍ഷം മുമ്പ് മലയോരത്തുനിന്ന് പോയ വാഹനം അപകടത്തില്‍പെട്ട് ആളപായമുണ്ടായതോടെയാണ് വനംവകുപ്പ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.
പിന്നീട് ഏഴിമല-പുളിങ്ങോം-ബാഗമണ്ഡലം പാത എന്ന നിലയില്‍ ഇതേ റൂട്ടില്‍ അന്തര്‍സംസ്ഥാന പാതക്കായി ശ്രമം നടന്നെങ്കിലും വനംവകുപ്പ് തടസ്സം നിന്നു. കേരള പൊതുമരാമത്ത് വകുപ്പ് ഈ പാതയിലേക്ക് പ്രവേശിക്കാന്‍ 2007ല്‍ കോണ്‍ക്രീറ്റ് പാലം പണിതെങ്കിലും പാത തുറന്നുകിട്ടാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായില്ല. അടുത്തിടെ മലയോരത്തെ ഏതാനും പ്രവാസി വ്യവസായികള്‍ മുന്‍കൈയെടുത്ത് പാതക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.
അത് ലക്ഷ്യം കാണുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജനുവരിയില്‍ പുളിങ്ങോമില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടുന്ന സംഘത്തിന് ഈ പാതയിലൂടെ ഒരു ദിവസം തലക്കാവേരിയിലേക്ക് പോയി വരാന്‍ പാത തുറന്നുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവര്‍ നടത്തുന്നുണ്ട്.
കര്‍ണാടക വനംവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ വര്‍ഷങ്ങളായി കൊട്ടിയടക്കപ്പെട്ട കാനനപാതയിലൂടെ വീണ്ടും യാത്രക്ക് വഴിയൊരുങ്ങും. ഈ പാത തുറന്നുകിട്ടുന്നതിന് മലയാളികള്‍ നടത്തുന്ന ശ്രമത്തിന് ബാഗമണ്ഡലം പഞ്ചായത്തും പിന്തുണ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ബാഗമണ്ഡലം പഞ്ചായത്ത് പ്രസിഡന്റ് കാലന എ. രവി പുളിങ്ങോമില്‍ എത്തിയിരുന്നു. പുളിങ്ങോം ഫെസ്റ്റിന്റെ സംഘാടക സമിതിയാണ് അദ്ദേഹത്തെ ഇവിടേക്ക് ക്ഷണിച്ചത്. ഇതിനു പുറമെ, ഇപ്പോള്‍ വര്‍ക്കല ശിവഗിരി മഠം ഏറ്റെടുത്ത തിരുമേനി കാവേരികുളം ദേവീ ക്ഷേത്രവും തലക്കാവേരിയും ബന്ധിപ്പിച്ച് ഒരു തീര്‍ഥാടന പാതയായി ഈ വനപാതയെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിന് കഴിഞ്ഞദിവസം ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ, മഠത്തിന്റെ പി.ആര്.ഒ സോമനാനന്ദന് എന്നിവരുള്‍പ്പെടെയുള്ള സംഘം പുളിങ്ങോം ബാഗമണ്ഡലം പാതക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച പാലവും വനപാതയിലേക്കുള്ള പ്രവേശനകവാടവും സന്ദര്‍ശിച്ചിരുന്നു.
തലക്കാവേരി ക്ഷേത്രവും കാവേരികുളം ക്ഷേത്രവും വിശ്വാസപരമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ തലക്കാവേരി-കാവേരികുളം തീർഥാടന പാത എന്ന നിലക്ക് വനപാത തുറന്നു നല്‍കണമെന്ന ആവശ്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്പ്പടുത്തുമെന്ന് ഇവര്‍ അറിയിച്ചു.
മംഗളൂരു ഗോകര്‍ണ നാഥ ക്ഷേത്രം തന്ത്രി മനോജ്, കാവേരികുളം ദേവി ക്ഷേത്രത്തിന്റെ വൈസ് പ്രസിഡന്റ് ഇ.ബി. അരുണ്‍, ക്ഷേത്രം തന്ത്രിയായ എം.എസ്. പ്രസാദ്, കണ്‍വീനര്‍ സുനില്‍ പേപ്പതിയില്‍, സണ്ണി പതിയില്‍, വി.എന്‍. ഉഷാകുമാരി എന്നിവരും സംഘത്തിലുണ്ടായിരുന്നു. പുളിങ്ങോമില്‍ നിന്ന് 18 കിലോമീറ്റര്‍ മാത്രമാണ് വനപാത.
മറ്റുവഴികളിലൂടെ തലക്കാവേരിയിലേക്ക് എത്താന്‍ 70 കിലോമീറ്ററോളം സഞ്ചരിക്കണം. ഇപ്പോഴുള്ള വനപാത കര്‍ണാടക വനംവകുപ്പിന്റെ മുണ്ടറോട്ട് റേഞ്ച് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നതാണ്. ഇതു പകല്‍ സമയത്ത് യാത്ര പാതയായെങ്കിലും തുറന്നു നല്‍കണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.