കരിങ്കല്‍ ക്വാറിയുടെ പാരിസ്ഥിതിക അനുമതി; വകുപ്പുതല സംഘം പരിശോധന
text_fieldsചെറുപുഴ: പാറോത്തുംനീര്‍ മേലുത്താന്നിയില് കരിങ്കല്‍ ക്വാറിക്ക് നല്കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്വാറി വിരുദ്ധ കര്‍മസമിതി നല്കിയ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിയോഗിച്ച വകുപ്പുതല സംഘം പ്രദേശത്ത് പരിശോധന നടത്തി.
ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്കിയാല് സമീപത്തെ വീടുകള്‍ തകരുകയും കുടിവെള്ള സ്രോസ്സുകള് മലിനമാകുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍മസമിതി രംഗത്തുവന്നത്. ക്വാറിയുടെ പ്രവര്‍ത്തനം പ്രദേശത്തെ ജലനിധി പദ്ധതിയുടെ കുളം, ടാങ്ക്, ഗ്രാമീണ റോഡുകള്‍ എന്നിവയുടെ തകര്‍ച്ചക്ക് കാരണമാകുമെന്നുവെന്ന് വിവിധ തലത്തില്‍ നല്കിയ പരാതികളില്‍ കര്‍മസമിതി വ്യക്തമാക്കിയിരുന്നു.
കര്‍മസമിതിയുടെ പരാതിയെ തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി ഓഫിസര്‍ സ്ഥലം സന്ദര്‍ശിക്കുകയും പാരിസ്ഥിതിക അനുമതി റദ്ദ് ചെയ്യുന്നതിനു മുന്നോടിയായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. തുടർന്ന് പരിസ്ഥിതി ബോര്‍ഡ് യോഗം ചേര്‍ന്നു ആര്.ഡി.ഒ കണ്വിനറായി ഒരു സമിതി രൂപവത്കരിക്കാന്‍ കലക്ടറോട് ശുപാര്‍ശ ചെയ്തു. റവന്യൂ, ജിയോളജി, ഭൂജല വിഭവം, സോയില്‍ കണ്‍സര്‍വേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊതുമരാമത്ത്, തദ്ദേശം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുള്‍പ്പെട്ട സമിതിയാണ് മേലുത്താന്നി ക്വാറി പ്രദേശത്ത് പരിശോധനക്കെത്തിയത്.
തളിപ്പറമ്പ് റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ ടി.എം. അജയകുമാറിന്റെ നേതൃത്വത്തില്‍ ജില്ല അസി. ജിയോളജിസ്റ്റ് കെ. റഷീദ്, കണ്ണൂര്‍ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസ് ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ എന്‍. അനിരുദ്ധന്, ജില്ല മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്വയണ്മെന്റല് എൻജിനീയര്‍ നോബി ജോര്‍ജ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അസി. എൻജിനീയര്‍ എം. സുനോജ്കുമാര്‍, ഭൂജലവകുപ്പ് ഹൈഡ്രോളജിസ്റ്റ് കെ.എം. പ്രവീണ്‍കുമാര്‍, ഹസാര്‍ഡ് അനലിസ്റ്റ് എസ്. ഐശ്വര്യ, പയ്യന്നൂര്‍ തഹസില്‍ദാര്‍ ആര്. ജയേഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.കെ. ശശി, പഞ്ചായത്ത് സെക്രട്ടറി ആര്. ജയകുമാര്‍, വയക്കര വില്ലേജ് ഓഫിസര്‍ കെ.എ. ഹരികൃഷ്ണന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.