മലയോര നിരത്തുകളില്‍ വാഹനാപകടങ്ങള്‍ വർധിക്കുന്നു
text_fieldsചെറുപുഴ: മലയോരത്തെ നിരത്തുകളില്‍ വാഹനാപകടങ്ങളും മരണങ്ങളും പതിവാകുന്നു. അപകടനിരക്ക് കുറക്കാന്‍ നടപടിയില്ലാത്തത് ജനത്തെ ഭീതിയിലാക്കുന്നു. ദിവസങ്ങളുടെ ഇടവേളയില്‍ ചെറുപുഴ ഭാഗത്ത് വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ക്കാണ് ജീവന് നഷ്ടമായത്. മറ്റൊരു സംഭവത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഏപ്രില്‍ 29ന് രാവിലെ ചെറുപുഴ ടൗണില്‍ ടിപ്പര്‍ ലോറി തട്ടി ഇരുചക്രവാഹന യാത്രക്കാരനായ നാട്ടക്കയം സ്വദേശി കുമാരൻ (60) മരിച്ചതാണ് അടുത്തിടെയുണ്ടായ അപകടപരമ്പരയിലെ ആദ്യസംഭവം. ചെങ്കല്‍പ്പണ തൊഴിലാളിയായ കുമാരന് ജോലിക്കായി പോകുന്നതിനിടെയായിരുന്നു അപകടം. കുമാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ടിപ്പര്‍ ലോറി പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തലേദിവസം രാത്രി മലയോര പാതയുടെ ചെറുപുഴ മഞ്ഞക്കാട് ഭാഗത്ത് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണ് ഇടിച്ചുതകര്‍ത്ത സംഭവമുണ്ടായിരുന്നു. ഏപ്രില്‍ 30ന് ചെറുപുഴക്കടുത്ത് മുനയംകുന്നില്‍ റോഡില്‍ നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞു. വാഹനമോടിച്ചിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വഴിയില്‍ ആളില്ലാതിരുന്നതും അപകടത്തിന്റെ തീവ്രത കുറച്ചു. മേയ് മൂന്നിന് തിരുമേനി കോക്കടവില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണ് തകര്‍ത്തു. ഇതിലും വാഹനയാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആറിന് രാവിലെ കോഴിച്ചാല്‍ മീന്തുള്ളിയില്‍ കായിക പരിശീലനം കഴിഞ്ഞു മടങ്ങുകയായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് ടിപ്പര്‍ ലോറി തട്ടി പരിക്കേറ്റു. കൂടുതല്‍ കുട്ടികള്‍ സ്ഥലത്തുള്ളപ്പോഴായിരുന്നു ഈ അപകടം.
തൊട്ടടുത്ത ദിവസം കോഴിച്ചാലില്‍ പിന്നോട്ടെടുത്ത ടിപ്പര്‍ ലോറി തട്ടി വഴിയാത്രക്കാരനായ കോഴിച്ചാല്‍ റവന്യൂവിലെ വര്‍ഗീസിന് (96) ജീവന് നഷ്ടമായി. ഈ സംഭവങ്ങളുടെ ഭീതി മാറുന്നതിന് മുമ്പാണ് ശനിയാഴ്ച ഉച്ചക്ക് മഞ്ഞക്കാട് ഭാഗത്ത് കാര്‍ ഇടിച്ച് ബസിനടിയിലേക്ക് തെറിച്ചുവീണ ചിറ്റാരിക്കാല്‍ പറമ്പ സ്വദേശി സലീമിനും (56) ജീവന് നഷ്ടമായത്. അപകടങ്ങള്‍ ഗൃഹനാഥന്മാരുടെ ജീവന് കവര്‍ന്നപ്പോള്‍ കുടുംബങ്ങള്‍ക്കുണ്ടായത് തീരാനഷ്ടമാണ്.
മലയോര നിരത്തുകളില്‍ അപകടങ്ങള്‍ നിത്യസംഭവമാകുമ്പോള്‍ വഴിയാത്രക്കാരും ചെറുവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും ഭീതിയോടെയാണ് നിരത്തിലിറങ്ങുന്നത്. വാഹനാപകടങ്ങള്‍ക്ക് കാര്യമായ ശിക്ഷ ലഭിക്കാത്തതും അപകടനിരക്ക് വര്‍ധിപ്പിക്കുന്നതായി ആക്ഷേപമുണ്ട്.
റോഡില്‍ വാഹനപരിശോധന കുറയുന്നതും ടിപ്പര്‍ ലോറികള്‍ തലങ്ങും വിലങ്ങും പായുന്നതും അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നുണ്ട്. അപകട നിരക്ക് കുറക്കാൻ അധികൃതരുടെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.