കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു; ഗൃഹനാഥന് അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsചെറുപുഴ: പുളിങ്ങോം ആറാട്ടുകടവില്‍ കാട്ടാനയിറങ്ങി വീട് തകര്‍ത്തു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് അത്ഭുതകരമായി രക്ഷപ്പെട്ടു.
ബുധനാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം. ആറാട്ടുകടവിലെ കാണിക്കാരന് കുഞ്ഞിരാമന്റെ പ്ലാസ്റ്റിക് ഷീറ്റുമേഞ്ഞ ഒറ്റമുറി വീടാണ് ആന തകര്‍ത്തത്. ഈ സമയം വീട്ടില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിരാമനെ ആന ആക്രമിച്ചെങ്കിലും കട്ടിലിന്റെ അടിയിലേക്ക് വീണതിനാല്‍ രക്ഷപ്പെട്ടു.
വീട്ടില്‍ ഉണ്ടായിരുന്ന പാത്രങ്ങള്‍ നശിപ്പിക്കുകയും അരിയും മറ്റ് സാധനങ്ങളും ആന എടുത്തു കഴിക്കുകയും ബാക്കി നശിപ്പിച്ചു കളയുകയും ചെയ്തശേഷമാണ് ആന മടങ്ങിയത്. രാവിലെ അയല്‍വാസികള്‍ എത്തിയപ്പോഴാണ് ആന ആക്രമിച്ച വിവരം അറിഞ്ഞത്. വീട്ടില്‍ ബോധരഹിതനായിക്കിടക്കുകയായിരുന്ന കുഞ്ഞിരാമനെ ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്കി.
കുഞ്ഞിരാമന് ഒറ്റക്കാണ് താമസിക്കുന്നത്. കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴക്കും ഇടയിലുള്ള പ്രദേശമാണ് ചെറുപുഴ പഞ്ചായത്തിലെ ആറാട്ട് കടവ്. കാട്ടാനശല്യവും മലവെള്ളപ്പാച്ചിലും പതിവായതോടെ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് ഇവിടെ താമസിക്കുന്ന 11 കുടുംബങ്ങള്‍ക്ക് പെരിങ്ങോത്ത് വീട് ലഭ്യമാക്കിയിരുന്നു.
എന്നാല്‍, വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാന്‍ വൈകുന്നതിനാല്‍ ഇവ കൈമാറിയിട്ടില്ല. കര്‍ണാടക വനത്തില്‍ നിന്ന് ആനകള്‍ കൂട്ടമായി ഈ പ്രദേശത്തേക്ക് എത്തുന്നത് പതിവാണ്.
കാര്യങ്കോട് പുഴ കവിഞ്ഞതോടെ ആറാട്ടുകടവിലുള്ളവര് തീര്‍ത്തും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ആനയുടെ ആക്രമണമുണ്ടായതറിഞ്ഞ് ചെറുപുഴ പൊലിസും പഞ്ചായത്തധികൃതരും പ്രദേശം സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.