അജ്ഞാതന്റെ ഭീതി ഒഴിയാതെ മലയോരം
text_fieldsചെറുപുഴ: നാട്ടുകാരും പൊലീസും ഉറക്കമൊഴിഞ്ഞ് കാവലിരുന്നിട്ടും ചെറുപുഴ പഞ്ചായത്തില്‍ അജ്ഞാതനായ രാത്രിസഞ്ചാരിയുടെ പരാക്രമങ്ങള്‍ അവസാനിക്കുന്നില്ല.
രണ്ടുദിവസത്തെ ഇടവേളക്കുശേഷം പ്രത്യക്ഷപ്പെട്ട അജ്ഞാതന്‍ ആശുപത്രി കെട്ടിടത്തിലും സമീപത്തെ വീടിന്റെ ഭിത്തിയിലും ബ്ലാക്ക്മാന് എന്നെഴുതി സ്ഥലം വിട്ടു. ഇതോടെ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാരും ചെറുപുഴ പൊലീസും. കഴിഞ്ഞദിവസം പുലര്‍ച്ചെ പ്രാപ്പൊയില്‍ ഗോക്കടവ് ഗവ. ആയുര്‍വേദ ആശുപത്രിയുടെ ചുവരിലും സമീപത്തെ വീടിന്റെ ഭിത്തിയിലുമാണ് അജ്ഞാതന്റെ എഴുത്ത് കാണപ്പെട്ടത്. രണ്ടാഴ്ചയോളമായി പ്രാപ്പൊയില്‍, ഗോക്കടവ് മേഖലയിലെ നിരവധി വീടുകളുടെ ഭിത്തിയിലും മതിലുകളിലുമായി എഴുത്തും ചിത്രങ്ങളും കോറിയിട്ടും വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയും വിളയാടുകയായിരുന്നു അജ്ഞാതനായ രാത്രസഞ്ചാരി.
നാട്ടുകാര്‍ സംഘം ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ പ്രാപ്പൊയില്‍ പെരുന്തടത്തുള്ള ഒരു വീട്ടിലെ സി.സി.ടി.വി കാമറയില്‍ ഇയാള്‍ എഴുതുന്ന ദൃശ്യം പതിഞ്ഞിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ രണ്ടുദിവസം ഈ മേഖലയില്‍ ശല്യം ഉണ്ടായില്ല. എന്നാല്‍, ചെറുപുഴ പഞ്ചായത്തിലെ തന്നെ നരമ്പില്‍, കുണ്ടംതടം, ഇടവരമ്പ് ഭാഗങ്ങളില്‍ അജ്ഞാതനായ ഒരാള്‍ വീടുകളുടെ വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതായും ഇടവരമ്പിലെ ഒരു വീട്ടിലെത്തിയ ഇയാളെ പട്ടി ഓടിച്ചതായും പറയുന്നു. ഇവക്കൊന്നും സ്ഥിരീകരണം ഉണ്ടായില്ല. അജ്ഞാതന്റെ ശല്യം അവസാനിച്ചെന്നു കരുതിയിരിക്കെയാണ് വെള്ളിയാഴ്ച രാത്രി ഗോക്കടവില്‍ ഇയാളെത്തിയതിന്റെ സൂചന പുറത്തുവന്നത്. ജനജീവിതത്തിന് ഭീഷണിയായ സാഹചര്യത്തില്‍ മേഖലയില്‍ ജാഗ്രതസമിതി രൂപവത്കരിച്ച് ആശങ്ക അകറ്റാന്‍ അധികൃതര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ചെറുപുഴ പൊലീസ് രാത്രികാല പട്രോളിങ്ങും ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.