ഒറ്റപ്പെടലിലേക്ക് ആറാട്ടുകടവിലെ മൂന്നു കുടുംബങ്ങള്‍
text_fieldsചെറുപുഴ: പുനരിധാവസ പാക്കേജില്‍ ഉള്‍പ്പെടുത്തി പുളിങ്ങോം ആറാട്ടുകടവിലെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സമീപ പഞ്ചായത്തില്‍ വീട് നിര്‍മാണം പുരോഗമിക്കുമ്പോള്‍ മൂന്നു കുടുംബങ്ങള്‍ ഒറ്റപ്പെടല്‍ ഭീതിയില്‍. ചെറുപുഴ പഞ്ചായത്ത് പരിധിയില്‍ കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴക്കുമിടയിലെ ആറാട്ട് കടവിലെ താമസക്കാരെ പുനരധിവസിക്കുമ്പോള് അവശേഷിക്കുന്ന കുടുംബങ്ങളാണ് കാടിനും കാട്ടാനക്കുമിടയില് ഒറ്റപ്പെടുമെന്ന ആശങ്കയില്‍ കഴിയുന്നത്.
കാട്ടാനശല്യം രൂക്ഷമാവുകയും മഴക്കാലത്ത് പതിവായി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടായതോടെയാണ് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ എം.എല്‍.എയായ സി. കൃഷ്ണന് മുന്‍കൈയെടുത്ത് ആറാട്ടുകടവിലെ താമസക്കാര്‍ക്കായി പുനരധിവാസ പാക്കേജ് നേടിയെടുത്തത്. ഇവിടെയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും പെരിങ്ങോം വില്ലേജിലെ ഇരട്ടക്കുളത്തത്ത് സ്ഥലവും വീടും നല്കി മാറ്റിത്താമസിപ്പിക്കാനാണ് പാക്കേജ് തയാറാക്കിയത്.
ആറാട്ടുകടവിലെ 11 കുടുംബങ്ങള്‍ക്കാണ് പാക്കേജ് പ്രഖ്യാപിച്ചതെങ്കിലും എട്ട് കുടുംബങ്ങള്‍ക്ക് മാത്രമാണ് വീട് അനുവദിച്ചത്. ഇവര്‍ക്കുള്ള വീട് നിര്‍മാണം അന്തിമഘട്ടത്തിലാണ്. വീട് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ എട്ട് കുടുംബങ്ങളും താമസം മാറും.
ഇതോടെ ശേഷിക്കുന്ന കുടുംബങ്ങള്‍ കാടിന് നടുവില്‍ ഒറ്റപ്പെടുന്ന സാഹചര്യമാകും. കാട്ടാനശല്യത്തെ തുടര്‍ന്ന് ഇവിടെ താമസിക്കാന്‍ ഇവര്‍ ഭയപ്പെടുകയാണ്. വയോധികര്‍ തനിച്ചു താമസിക്കുന്ന വീടുകളും ഇവിടെയുണ്ട്. ഒരു വീടാകട്ടെ വാസയോഗ്യമെന്നു പറയാവുന്നതു പോലുമല്ല.
ഓരോ വീട്ടിലും ഒന്നിലധികം വളര്‍ത്തുനായ്ക്കളെ കാവല്‍ നിര്‍ത്തിയാണ് ഇവര്‍ രാത്രികാലത്ത് കാട്ടാനശല്യത്തെ പ്രതിരോധിക്കുന്നത്. കാര്യങ്കോട് പുഴ മുറിച്ചുകടക്കാന്‍ പാലമില്ലാത്തതിനാല്‍ മഴക്കാലമായാല്‍ കാടിനു നടുവിലൂടെ കി.മീറ്ററുകള്‍ സഞ്ചരിച്ചുവേണം പുളിങ്ങോം ടൗണിലെത്തി മറ്റിടങ്ങളിലേക്ക് പോകാന്‍. കര്‍ണാടക വനംവകുപ്പ് അവകാശമുന്നയിക്കുന്ന പ്രദേശമാണ് ആറാട്ടുകടവ്.
പുനരധിവാസ പാക്കേജിലെ അപാകത സംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയെങ്കിലും റവന്യൂ വകുപ്പ് നടപടിയെടുത്തില്ല. വീട് ലഭിക്കാതെ ശേഷിക്കുന്ന കുടുംബങ്ങള്‍ക്കുകൂടി പ്രയോജനപ്പെടുന്ന വിധത്തില്‍ പുനരധിവാസം സാധ്യമാക്കണമെന്നാണ് ആറാട്ടുകടവുകാര്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.