ചെറുപുഴ പ്രാപ്പൊയില്‍ മേഖലയില്‍ അജ്ഞാതന്റെ വിളയാട്ടം തുടരുന്നു
text_fieldsചെറുപുഴ: രാത്രിസമയം വീടുകള്‍ക്ക് സമീപമെത്തി വാതിലിലും ജനാലകളിലും തട്ടി ശബ്ദമുണ്ടാക്കിയ ശേഷം ഓടിമറയുന്ന അജ്ഞാതന്റെ വിളയാട്ടം കഴിഞ്ഞദിവസവും ആവര്‍ത്തിച്ചു. ചെറുപുഴ പ്രാപ്പൊയില്‍ മേഖലയിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ അജ്ഞാതനായ രാത്രിസഞ്ചാരി ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്ന വിധത്തില്‍ പെരുമാറുന്നത്.
വെള്ളിയാഴ്ച രാത്രി കോക്കടവില്‍ അഞ്ചോളം വീടുകളുടെ ഭിത്തിയിലാണ് ബ്ലാക്ക് മാന്‍ എന്ന് എഴുതിവെച്ചത്. തിരുമേനി ചെറുപുഴ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള വീടുകള്‍ക്ക് നേരെയായിരുന്നു അജ്ഞാതന്റെ പരാക്രമം. എടക്കര ജോസ്, ചൂരപ്പുഴ ജോസഫ്, പുള്ളിക്കാട്ട് വർഗീസ്, കോഴിക്കാമൂളയില്‍ സെബാസ്റ്റ്യന്‍, കുപ്പാടക്കന്‍ കൃഷ്ണന് എന്നിവരുടെ വീടുകളുടെ ഭിത്തിയിലും വീടിന്റെ ചുറ്റുമതിലുകളിലുമാണ് കരികൊണ്ട് ബ്ലാക്ക്മാന് എന്നെഴുതിയത്. രാത്രി 11.30ഓടെ റോഡില്‍ നിന്നും അല്പം മാറിയുള്ള ആഞ്ഞിലിക്കല്‍ ജോസഫിന്റെ വീടിന്റെ സമീപത്തെത്തിയ അജ്ഞാതന്‍ ഭിത്തിയില്‍ ബ്ലാക്ക് മാന്‍ എന്ന് എഴുതിയ ശേഷം വാതിലില്‍ തട്ടി തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തതായി വീട്ടുകാര്‍ പറഞ്ഞു. ഇതേഭാഗത്ത് ഒരു വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസില്‍ കുത്തിവരക്കുകയും ഭിത്തിയില്‍ എഴുതി ഇടുകയും ചെയ്തു.
മറ്റൊരു വീടിന്റെ ഭിത്തിയില്‍ നോ എക്സ് മാന്‍ എന്നും ബ്ലാക്ക് മാന്‍ എന്നും എഴുതിയതായും കാണുന്നുണ്ട്. ഗോക്കടവ് ശിവക്ഷേത്രത്തിന്റെ ഭിത്തിയിലും ബ്ലാക്ക് മാന്‍ എന്നെഴുതിയിട്ടിരുന്നു. വെള്ളിയാഴ്ച രാത്രി ഈ ഭാഗത്ത് ചെറുപുഴ പൊലീസ് പട്രോളിങ് നടത്തിയിരുന്നു. പക്ഷേ ഇവര്‍ക്കും അജ്ഞാതനെ കണ്ടെത്താനായില്ല. പട്രോളിങ് സംഘം ക്ഷേത്രത്തിന് സമീപത്തെത്തുന്നതിനു മുമ്പായിരുന്നു ഇവിടെ അജ്ഞാതന്‍ വന്നുപോയത്. റോഡിനോട് ചേര്‍ന്നുള്ള ഒരു വീട്ടില്‍ സി.സി.ടി.വി കാമറയുണ്ടായിരുന്നെങ്കിലും അസ്വാഭാവികമായി ഒന്നും പതിഞ്ഞിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.