കൂട്ടമരണം: ദുരന്തവാര്‍ത്തയുടെ നടുക്കത്തിൽ വാച്ചാൽ ഗ്രാമം
text_fieldsചെറുപുഴ: ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചുവെന്ന നടുക്കുന്ന വാര്‍ത്തയറിഞ്ഞാണ് പാടിയോട്ടുചാല്‍ വാച്ചാല് ഗ്രാമം ബുധനാഴ്ച ഉണര്‍ന്നത്. വീട്ടുമുറ്റത്തും പരിസരത്തും എപ്പോഴും ഓടിനടക്കുന്ന മൂന്ന് കുട്ടികളെയും അവരുടെ അമ്മയെയും കൂടെ താമസിക്കുന്ന യുവാവിനെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്ന വാര്‍ത്തയറിഞ്ഞ് നൂറുകണക്കിനാളുകളാണ് വാച്ചാലിലെ ശ്രീജയുടെ വീട്ടുമുറ്റത്തേക്ക് എത്തിയത്.
ചെറുപുഴ പൊലീസ് സ്റ്റേഷന് പരിധിയിലാണ് പെരിങ്ങോം വയക്കര പഞ്ചായത്തിലുള്‍പ്പെട്ട വാച്ചാല് എന്ന പ്രദേശം. അപ്രതീക്ഷിത ദുരന്തം നാടിനെ ആകെ നടുക്കിക്കളഞ്ഞു. നിര്‍മാണത്തൊഴിലാളിയായ ഷാജിയും മൂന്നു മക്കളുടെ മാതാവായ ശ്രീജയും തമ്മില്‍ അടുപ്പത്തിലായിട്ട് ഏതാനും മാസങ്ങളായെന്ന് നാട്ടുകാര്‍ പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ വിവാഹിതരായതായി സമൂഹമാധ്യമങ്ങളില്‍ വന്ന ഫോട്ടോയില്‍നിന്നാണ് നാട്ടുകാര്‍ അറിഞ്ഞത്. ശ്രീജയും ആദ്യ ഭര്‍ത്താവ് സുനിലും തമ്മില്‍ കാര്യമായ കുടുംബപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഷാജിയുടെ വീടും ദുരന്തം നടന്ന വീടിന് സമീപത്തു തന്നെയാണ്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ശ്രീജയും ഷാജിയും അടുപ്പത്തിലായതിനെ തുടര്‍ന്ന് സുനില്‍ വീട്ടില്‍നിന്ന് മാറിനിന്നെങ്കിലും ഇടക്ക് കുട്ടികളെ കാണാനെത്താറുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ശ്രീജ ഷാജിയെ വിവാഹം ചെയ്തതറിഞ്ഞ് സുനില്‍ ചെറുപുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീടിന്റെ അവകാശത്തെ ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ചെറുപുഴ പൊലീസ് ഇവരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.
ഷാജിയും ശ്രീജയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതോടെ അയല്‍ക്കാരും ഇവരുമായി കാര്യമായ അടുപ്പം കാണിച്ചിരുന്നില്ല. എന്നാല്‍, കുട്ടികളെ എല്ലാവര്ക്കും കാര്യമായിരുന്നു. കഴിഞ്ഞദിവസം വരെ കളിച്ചുല്ലസിച്ചുനടന്നിരുന്ന കുട്ടികളുടെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെ ആകെ ദുഃഖത്തിലാഴ്ത്തി.
വിവരമറിഞ്ഞെത്തിയ ബന്ധുക്കളും ഇവരെ അടുത്തറിയുന്നവരും തകര്‍ന്ന മനസ്സോടെയാണ് വീട്ടുമുറ്റത്ത് നിന്നത്. കുട്ടികള്‍ പഠിച്ചിരുന്ന വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുമടങ്ങിയ വലിയ ജനക്കൂട്ടം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടില്‍നിന്ന് നീക്കുന്നതുവരെ സ്ഥലത്തുണ്ടായിരുന്നു.
കുട്ടികളെ കൊലപ്പെടുത്തിയശേഷം ഷാജിയും ശ്രീജയും തൂങ്ങിമരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്. അതുകൊണ്ടുതന്നെ നടപടിക്രമങ്ങള്‍ തീരുന്നതുവരെ വീടിനകത്തേക്ക് ആരെയും പ്രവേശിപ്പിച്ചില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഫോറന്‍സിക് വിദഗ്ധനും ഡോഗ് സ്ക്വാഡും എത്തി സംഭവം നടന്ന വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി.
ഉച്ചയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.