വെള്ളൂര്‍–ചെറുപുഴ–ബാഗമണ്ഡല പാതക്ക് വഴിതെളിയുന്നു
text_fieldsചെറുപുഴ: വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി കിട്ടാത്തതിനാല്‍ കടലാസിലൊതുങ്ങിയ ഏഴിമല -പുളിങ്ങോം -ബാഗമണ്ഡല പാതക്ക് ബദല്‍പാത യാഥാര്‍ഥ്യമാക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗതയേറുന്നു. ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോമില്നിന്ന് ആരംഭിച്ച് കാര്യങ്കോടു പുഴ മുറിച്ചുകടന്ന് കര്‍ണാടക വനത്തിലൂടെ 18 കിലോമീറ്റര്‍ സഞ്ചരിച്ച് ബാഗമണ്ഡലയിലെത്തി ബംഗളൂരുവിലേക്ക് വിഭാവനം ചെയ്ത പാതക്ക് പകരമാണ് പുതിയ പാതയുടെ സാധ്യത ആരായുന്നത്. മൂന്നു പതിറ്റാണ്ടായി വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പരിശ്രമിച്ചിട്ടും കര്‍ണാടക വനംവകുപ്പിെൻറയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറയും എതിര്‍പ്പില്‍ തട്ടി ഇല്ലാതായതാണ് ഏഴിമല-ബാഗമണ്ഡല പാത. ഈ പാത യാഥാര്ഥ്യമാകുമെന്നുകരുതി കേരള പൊതുമരാമത്ത് വകുപ്പ് കാര്യങ്കോട് പുഴക്കു കുറുകെ നിര്‍മിച്ച പാലവും നോക്കുകുത്തിയായി. ഒരിക്കലും യാഥാര്‍ഥ്യമാകാന്‍ സാധ്യതയില്ലാത്ത പാതക്കു ബദലായി കര്‍ണാടകത്തിലേക്ക് മറ്റൊരു പാത നിര്‍മിക്കാനുള്ള മാര്‍ഗമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ബി.ജെ.പി കണ്ണൂര്‍ ജില്ല ഘടകമാണ് ഇത്തരമൊരു പാതയുടെ സാധ്യത ഈ തെരഞ്ഞെടുപ്പുകാലത്ത് മുന്നോട്ടുവെച്ചിരിക്കുന്നത്.
ചെറുപുഴ പഞ്ചായത്തിലെ തന്നെ കാനംവയലില്നിന്ന് കര്‍ണാടക വനത്തിനുള്ളിലെ മാങ്കുണ്ടിയിലുള്ള സ്വകാര്യ എസ്റ്റേറ്റ് വഴി ബാഗമണ്ഡല-ബംഗളൂരു പാതയിലെ കോറങ്കാല സര്‍ക്കാര്‍ സ്കൂളിനു സമീപത്തേക്കെത്തുന്ന തരത്തില്‍ പുതിയ പാത സാധ്യമാക്കാനാണ് നീക്കം. കാനംവയലില്നിന്ന് 14.5 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കോറങ്കാലയിലെത്താനാകും. നിലവില്‍ കാനംവയലില്‍ നിന്ന് മാങ്കുണ്ടി എസ്റ്റേറ്റിലേക്കും അവിടെനിന്ന് മറ്റു സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലൂടെയും കോറങ്കാലയിലേക്ക് എത്തുന്നിടത്തേക്കും കിലോമീറ്ററുകളോളം മണ്ണുറോഡുണ്ട്. ഈ റോഡുകള്‍ വികസിപ്പിക്കുകയും പുതിയതായി അഞ്ച് കിലോമീറ്റര്‍ റോഡും നിര്‍മിച്ചാല്‍ വെള്ളൂര്‍ ദേശീയപാതയില്‍നിന്ന് ചെറുപുഴ കാനംവയല്‍ വഴി ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബാഗമണ്ഡല -ബംഗളൂരു പാതയിലെത്താം.
പുതിയ പാതയില്‍ മൂന്ന് കിലോമീറ്റര്‍ മാത്രമേ നിബിഡ വനമുള്ളൂ. വീരാജ്പേട്ട ഡിവിഷനിലെ മുണ്ടറോട്ട് റേഞ്ചില്‍പെട്ട പശ്ചിമഘട്ട റിസര്‍വ് വനത്തിെൻറ ഭാഗമായ ഇവിടം വന്യജീവി സംരക്ഷണ കേന്ദ്രമാണ്. അതിനാല്‍, വന്യജീവികളുടെ സുരക്ഷകൂടി കണക്കിലെടുത്തുകൊണ്ടുള്ള റോഡ് നിര്‍മാണം ആവശ്യമായിവരും. ബാക്കിയുള്ള ഭാഗത്ത് നിലവില്‍ മണ്റോഡും മൊട്ടക്കുന്നുകളുമാണ്. കാര്യങ്കോട് പുഴ മുറിച്ചുകടന്ന് മാങ്കുണ്ടി എസ്റ്റേറ്റിലേക്ക് എത്തുന്നതിന് കോണ്‍ക്രീറ്റ് പാലവും ആവശ്യമാണ്. നിലവില്‍ കാനംവയല്‍ കോളനിയിലേക്ക് നിര്‍മിക്കുന്ന പാലത്തിെൻറ എസ്റ്റിമേറ്റും ഘടനയും പുതുക്കിയാല്‍ ഇതും പരിഹരിക്കപ്പെടും. കേരള അതിര്‍ത്തിയില്‍ ആദ്യമായി മാവോവാദികള്‍ തങ്ങളുടെ സാന്നിധ്യമറിയിച്ച സ്ഥലമാണ് മാങ്കുണ്ടി എസ്റ്റേറ്റ്. മാവോവാദി നേതാവ് രൂപേഷും സംഘവുമാണ് അന്ന് ഇവിടെയെത്തിയത്. മാവോവാദികളുടെ സഞ്ചാരപാത ഈ മേഖലയിലാണെന്ന് കര്‍ണാടക പൊലീസും വിശ്വസിക്കുന്നു. മാവോവാദികളുടെ നീക്കങ്ങള്‍ക്ക് തടയിടുന്നവിധത്തില്, രണ്ടു സംസ്ഥാനത്തെയും മലയോര ജനതക്ക് പ്രയോജനപ്പെടുന്ന വിധത്തിലും കാനംവയല്‍ മാങ്കുണ്ടി എസ്റ്റേറ്റ് കോറങ്കാല പാത വികസിപ്പിക്കുന്നതിനുള്ള നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാറിന് മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.