പ്രധാന ജലസ്രോതസ്സുകൾ വറ്റിവരണ്ടു; മലയോരം കടുത്ത വരള്‍ച്ചയിലേക്ക്
text_fieldsചെറുപുഴ: കഴിഞ്ഞ വാരം രണ്ടു ദിവസങ്ങളില്‍ ഇടവിട്ട് പെയ്ത മഴയല്ലാതെ വേനല്‍മഴ ലഭിക്കാതായതോടെ മലയോരം കടുത്ത വരള്‍ച്ച ഭീഷണിയില്‍. ചെറുപുഴ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകളെല്ലാം വറ്റിവരണ്ട നിലയിലാണ്. കാര്യങ്കോട് പുഴയാണ് കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റും ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ കര്‍ഷകര്‍ ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സുകളിലൊന്ന്. നീരൊഴുക്ക് നിലച്ചതിനാല്‍ കാര്യങ്കോട് പുഴയുടെ പലഭാഗവും വരണ്ട നിലയിലാണ്.
കാര്യങ്കോട് പുഴയിലേക്ക് വന്നുചേരുന്ന തിരുമേനി പ്രാപ്പൊയില്‍ തോടാണ് മറ്റൊരു പ്രധാന ജലസ്രോതസ്സ്. ഇത് പൂര്‍ണമായും വറ്റി. മഴക്കാലത്ത് മിക്കയിടത്തും 30 മുതല്‍ 40 അടിവരെ വീതിയില്‍ നിറഞ്ഞൊഴുകാറുള്ള തോടാണിത്. മാര്‍ച്ച് മാസംവരെ നല്ലരീതിയില്‍ നീരൊഴുക്കുണ്ടാകാറുള്ള പ്രാപ്പൊയില്‍ തോട്ടില്‍ ഈ വര്‍ഷം വളരെ നേരത്തെതന്നെ നീരൊഴുക്ക് നിലച്ചു. തോട്ടില്‍നിന്ന് വെള്ളമെടുത്ത് കൃഷികള്‍ നനച്ചിരുന്ന കര്‍ഷകര്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായി.
കുളിക്കാനും തുണി നനയ്ക്കാനും മറ്റും സമീപവാസികള്‍ പുഴയില്‍ ചെറു കുഴികള്‍ എടുത്താണ് ഇപ്പോള്‍ വെള്ളം കണ്ടെത്തുന്നത്. കര്‍ണാടക വനത്തില്‍ വേനല്‍ മഴ കിട്ടിയാല്‍ കാര്യങ്കോട് പുഴയില്‍ നീരൊഴുക്ക് ഉണ്ടാകാറുള്ളതാണ്. ഇത്തവണ വനമേഖലയിലും വേനല്‍മഴ ലഭിക്കാതായതോടെ കാര്യങ്കോട് പുഴയുടെ തീരത്തോട് ചേര്‍ന്നുള്ള കിണറുകളും കൈവഴികളായ തോടുകളും പൂര്‍ണമായും വറ്റിത്തുടങ്ങി. ജലസേചനം മുടങ്ങിയതോടെ കാര്‍ഷിക വിളകളും നാശം നേരിടുകയാണ്. വരും വര്‍ഷങ്ങളിലെങ്കിലും ജലസ്രോതസ്സുകളില്‍ നീരൊഴുക്ക് വര്‍ധിപ്പിക്കാനുള്ള കരുതല്‍ നടപടികളുണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.