കാട്ടാനയുടെ വിളയാട്ടം; കൃഷി നശിപ്പിച്ചു
text_fieldsചെറുപുഴ: കാനംവയല്‍ ചേനാട്ടുകൊല്ലിയില്‍ കാട്ടാനക്കൂട്ടം വാഴത്തോട്ടത്തിലിറങ്ങി കൃഷി നശിപ്പിച്ചു. പ്രദേശത്തെ അഞ്ചോളംപേര്‍ ചേര്‍ന്ന് നടത്തിയ വാഴകൃഷിയാണ് കഴിഞ്ഞദിവസങ്ങളില്‍ നശിപ്പിച്ചത്. ഏക്കറുകളോളം വരുന്ന കുന്നിന്‍പ്രദേശത്ത് മൂന്നുവര്‍ഷമായി ഇവര്‍ വാഴകൃഷി നടത്തുന്നുണ്ട്.
ഇത്തവണ നടത്തിയ ആറായിരത്തോളം വാഴകള്‍ വിളവെടുക്കാറായപ്പോഴാണ് കാട്ടാനക്കൂട്ടമിറങ്ങി നാശംവരുത്തിയത്. വാഴകള്‍ ചുവടോടെ കുത്തിക്കീറി തിന്നുനശിപ്പിക്കുകയായിരുന്നു. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്. അതിര്‍ത്തിയില്‍ ചെറുപുഴ പഞ്ചായത്ത് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോഴിത് പ്രവര്‍ത്തനക്ഷമമല്ല.
കാട്ടാനക്കൂട്ടത്തെ ഭയന്ന് പകല്‍ പോലും കൃഷിയിടത്തിലേക്ക് എത്താന്‍ ഭയപ്പെടുന്ന സാഹചര്യമാണെന്ന് ഇവര്‍ പറയുന്നു. തകര്‍ന്നുകിടക്കുന്ന ഭാഗങ്ങളില്‍ വൈദ്യുതി വേലി പുനഃസ്ഥാപിക്കാനും യഥാസമയം അറ്റുകുറ്റപ്പണി നടത്താനും അധികൃതര്‍ തയാറായാല്‍ കൃഷി സംരക്ഷിക്കാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു.
പ്രദേശത്തേക്ക് യാത്രാ സൗകര്യമില്ലാത്തതിനാല്‍ മിക്കവരും താമസം മാറുന്ന സാഹചര്യമുണ്ട്. കൃഷിക്കായി മാത്രമാണ് മിക്കവരും സ്വന്തം പുരയിടങ്ങളിലേക്ക് വരുന്നത്.
ജനവാസം കുറയുന്നതിനാല്‍ കാട്ടാനകളുടെ കാട്ടുപന്നിയുടെയും വിഹാരകേന്ദ്രമായി മാറുകയാണ് ചേനാട്ടുകൊല്ലി വനാതിര്‍ത്തിയോട് ചേര്‍ന്ന മിക്ക പ്രദേശങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.