കാട്ടുപന്നികളെ തുരത്താൻ ചെത്തിക്കൊടുവേലി
text_fieldsകണ്ണൂർ: കാട്ടുപന്നികളെ തുരത്താൻ കൃഷിയിടത്തിൽ ചെത്തിക്കൊടുവേലി തൈകൾ നട്ടുപിടിപ്പിച്ച് കർഷകരുടെ പ്രതിരോധം. ചെത്തിക്കൊടുവേലി കൃഷി വ്യാപിപ്പിക്കാൻ തൈകളുണ്ടാക്കി വിൽപന നടത്തുകയാണ് പാലയാട് കോക്കനട്ട് നഴ്സറി.
കൃഷിയിടങ്ങളിലെ പന്നിശല്യം തടയാൻ ചെത്തിക്കൊടുവേലിയിലൂടെ സാധിക്കുമെന്നാണ് കർഷകർ പറയുന്നത്. ചെടിയുടെ ചുവട്ടിൽ പന്നികൾ മണ്ണു കിളക്കുമ്പോൾ ഇതിന്റെ കിഴങ്ങിൽനിന്ന് നീരൊഴുകും. ഈ നീര് പന്നിയുടെ മൂക്കിന്റെ നേർത്ത ഭാഗത്ത് പൊള്ളലുണ്ടാക്കും.
ഇതിനാൽ, പന്നികൾ പിന്നീട് കൃഷിയിടത്തിലേക്ക് വരാനുള്ള സാധ്യത കുറവാണ്. നേരത്തെ ഈ പരീക്ഷണം നടത്തി വിജയിച്ച കർഷകർ ജില്ലയിലുണ്ട്. കൃഷിവകുപ്പ് നടത്തിയ നിരീക്ഷണത്തിലും ചെത്തിക്കൊടുവേലി ഫലപ്രദമാണെന്ന് വ്യക്തമായി. ഇതോടെയാണ് പാലയാട് നഴ്സറി തൈകൾ നിർമിച്ച് 12 രൂപ നിരക്കിൽ വിൽപന തുടങ്ങിയത്.
ആവശ്യാനുസരണം തൈകളുടെ ഉൽപാദനം വർധിപ്പിക്കുമെന്ന് പാലയാട് ഫാമിന്റെ ചുമതലയുള്ള കൃഷി അസി. ഡയറക്ടർ ബിജു ജോസഫ് പറഞ്ഞു. ചെടിയുടെ കിഴങ്ങ് ഔഷധഗുണമുള്ളതാണ്. ആയുർവേദ മരുന്നുണ്ടാക്കുന്ന സ്ഥാപനങ്ങൾക്ക് ഇവ വിൽപന നടത്താനും കർഷകർക്ക് കഴിയും.
കിഴങ്ങ് ചുണ്ണാമ്പ് വെള്ളത്തിൽ ശുദ്ധീകരിച്ചാണ് ഉപയോഗിക്കുക. പന്നികളെ പ്രതിരോധിക്കുന്നതിനൊപ്പം അധിക വരുമാനവും ലഭിക്കുന്നതിനാൽ തൈകൾക്ക് ആവശ്യക്കാർ ഏറെയാണ്. കൃഷിക്കായി മൂപ്പെത്താത്ത തണ്ടുകളാണ് നട്ടുപിടിപ്പിക്കേണ്ടത്. അഞ്ചുവർഷത്തോളം നിലനിൽക്കുന്ന ഇവക്ക് കാര്യമായ വളപ്രയോഗവും ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.