മുഖ്യമന്ത്രിയുടെ മുഖാമുഖം 24ന്; ആദിവാസി, ദലിത് പ്രശ്നങ്ങൾ ചര്‍ച്ചയാകും
text_fieldsകണ്ണൂർ: നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ഈമാസം 24ന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ ആദിവാസി ദലിത് മേഖലയിലെ എല്ലാ വിഭാഗമാളുകളെയും പങ്കെടുപ്പിക്കാന്‍ സംഘാടക സമിതി തീരുമാനം. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍, പ്രഫഷനലുകള്‍, സംരംഭകരടക്കമുള്ള വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ഊര് മൂപ്പന്മാര്, ഊര് മൂപ്പത്തിമാര്‍ തുടങ്ങിയവർ പങ്കെടുക്കും.
മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന സംഘാടക സമിതി യോഗം ഇതിനാവശ്യമായ നടപടികള്‍ ആസൂത്രണം ചെയ്തു. 24ന് രാവിലെ 9.30 മുതല്‍ ദിനേശ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ആദിവാസി, ദലിത് വിഭാഗങ്ങളിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കുന്നതിനുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മുഖാമുഖം നടത്തുന്നത്. സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗങ്ങളിലെ 37 ഗോത്രവര്‍ഗത്തിലേയും പട്ടികജാതി വിഭാഗത്തിലേയും പ്രതിനിധികള്‍ പങ്കെടുക്കും. 1200ലേറെ പേര് മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
മുഖ്യമന്ത്രി പിണറായി വിജയന് നവകേരള സദസ്സില്‍ ലഭിച്ച പൊതുവായ വിഷയങ്ങള്‍ സംബന്ധിച്ച് ആമുഖഭാഷണം നടത്തും. വ്യത്യസ്ത മേഖലയിലെ 10 വിദഗ്ധര്‍ സംസാരിക്കും. പ്രതിനിധികളും വിദഗ്ധരും ഈ മേഖലയിലെ പ്രശ്നങ്ങളും വിഷയങ്ങളും മുഖാമുഖം പരിപാടിയില്‍ അവതരിപ്പിക്കും. പരിഹാര നിര്‍ദേശങ്ങള്‍ സമാഹരിച്ച് ഈ മേഖലയുടെ കുതിപ്പിന് ഉതകുന്ന കര്‍മപദ്ധതി തയാറാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
യോഗത്തില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, എസ്.സി ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്, എസ്.ടി ഡയറക്ടര്‍ ഡി.ആര്. മേഘശ്രീ, കലക്ടര്‍ അരുണ്‍ കെ. വിജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.