കുട്ടികളെ മിടുക്കരാക്കാം; ഒരുങ്ങുന്നു 13 സ്‌കിൽ കേന്ദ്രങ്ങൾ
text_fieldsകണ്ണൂർ: സ്വന്തം അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും ആത്മവിശ്വാസത്തിൽ മുന്നേറുന്ന വിദ്യാർഥികളെ വാർത്തെടുക്കാൻ സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) ഒരുങ്ങുന്നു. ഇതിനായി സമഗ്ര ശിക്ഷ കേരളം ജില്ലയിൽ 13 സ്‌കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ഉന്നത നിലവാരത്തിലുള്ള തൊഴിൽ വൈദഗ്ധ്യം യുവതലമുറക്ക് നൽകുകയാണ് ലക്ഷ്യം.
ജില്ലയിലെ ബി.ആർ.സികളുടെ പരിധിയിലെ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറിയോ ഗവ. ഹയർസെക്കൻഡറിയോ തെരഞ്ഞെടുത്താണ് ഡെവലപ്മെന്റ് കേന്ദ്രങ്ങളാക്കി മാറ്റുക. ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആദിവാസി -തീരദേശ -തോട്ടം മേഖലയിലെയും അന്തർസംസ്ഥാന തൊഴിലാളികളുടെയും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ, സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത് ഓപൺ സ്‌കൂൾ വിഭാഗത്തിൽ പഠിക്കുന്നവർ, ഔട്ട് ഓഫ് സ്‌കൂൾ കുട്ടികൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാക്കിയവർ, നിലവിൽ പഠിക്കുന്നവർ എന്നിവർക്കാണ് സൗകര്യം ഉപയോഗിക്കാനാകുക. 15നും 21നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിലെ കുട്ടികൾക്ക് 25 വയസ്സാണ് ഉയർന്ന പ്രായപരിധി.
നാഷനൽ ക്വാളിഫിക്കേഷൻ രജിസ്റ്ററിലുള്ളതും എളുപ്പത്തിൽ തൊഴിൽ നേടാൻ സഹായിക്കുന്നതുമായ രണ്ടു വീതം സ്‌കിൽ കോഴ്സുകളാണ് ഓരോ സെന്ററിലും അനുവദിക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്തംഗം എന്നിവരുൾപ്പെട്ട കമ്മിറ്റി പ്രാദേശിക സാഹചര്യം കൂടി കണക്കിലെടുത്താണ് കോഴ്സുകൾ തെരഞ്ഞെടുക്കുക.
തുടർന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, കലക്ടർ എന്നിവരുൾപ്പെടുന്ന ജില്ല സമിതിയുടെ അനുവാദത്തോടെ നടപ്പാക്കും. സെന്ററുകളിൽ ആവശ്യമായ ലാബ് സൗകര്യം, ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ സമഗ്ര ശിക്ഷ കേരളം സജ്ജമാക്കും.
ഒരുങ്ങുന്നത് ഇവിടെയൊെക്ക..
കണ്ണൂർ സൗത്ത് ബി.ആർ.സി പരിധിയിലെ കണ്ണൂർ ഗവ. വി.എച്ച്.എസ് ആൻഡ് ടി.എച്ച്.എസ്, മാടായി ജി.വി.എച്ച്.എസ്.എസ് (മാടായി ബി.ആർ.സി), പയ്യന്നൂർ കെ.പി.ആർ.ജി.എസ് ജി.വി.എച്ച്.എസ്.എസ് (പയ്യന്നൂർ), തളിപ്പറമ്പ് ടി.വി.ജി.എച്ച്.എസ്.എസ് (തളിപ്പറമ്പ് നോർത്ത്).
ജി.വി.എച്ച്.എസ്.എസ് എടയന്നൂർ (മട്ടന്നൂർ), ജി.വി.എച്ച്.എസ്.എസ് കതിരൂർ (തലശ്ശേരി നോർത്ത്), ജി.വി.എച്ച്.എസ്.എസ് കണ്ണൂർ സ്പോർട്സ് (കണ്ണൂർ നോർത്ത്), ജി.എച്ച്.എസ്.എസ് പാട്യം ( കൂത്തുപറമ്പ്), ജി.എച്ച്.എസ്.എസ് മണത്തണ (ഇരിട്ടി), ജി.എച്ച്.എസ്.എസ് ചട്ടുകപ്പാറ (തളിപ്പറമ്പ് സൗത്ത്), പടിയൂർ ജി.എച്ച്.എസ്.എസ് (ഇരിക്കൂർ) എന്നിവിടങ്ങളിലാണ് സെന്ററുകൾ ഒരുക്കുക.
ജില്ലയിൽ ആകെ 15 ബി.ആർ.സികളാണുള്ളത്. എന്നാൽ, ചൊക്ലി, പാനൂർ എന്നീ ബി.ആർ.സി പരിധികളിൽ ഗവ. ഹയർ സെക്കൻഡറിയോ വൊക്കേഷനൽ ഹയർ സെക്കൻഡറിയോ ഇല്ലാത്തതിനാൽ 13 സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളാണ് ഒരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.