ചിറക്കൽ ചിറയെ ഇറിഗേഷൻ ടൂറിസത്തിൽ ഉൾപ്പെടുത്തും -മന്ത്രി
text_fieldsകണ്ണൂർ: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇറിഗേഷൻ ടൂറിസത്തിൽ ഉൾപ്പെടുത്തി ചിറക്കൽ ചിറ സൗന്ദര്യവത്കരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നവീകരിച്ച ചിറക്കൽ ചിറയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 50 ലക്ഷം അനുവദിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചിറക്കൽ ചിറയുടെ നവീകരണം വലിയ സാഹസിക ദൗത്യമായിരുന്നു.
ചിറയെ മികച്ച രീതിയിൽ സംരക്ഷിക്കും. ചിറക്ക് ചുറ്റും സന്ദർശകരെ ആകർഷിക്കാൻ ഇരിപ്പിടങ്ങളടക്കം ഒരുക്കും. വിശ്വാസപരമായ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയായിരിക്കും സൗന്ദര്യവത്കരണം ക്രമപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.
ചിറ മണ്ണും ചളിയും നീക്കിയും പടവുകൾ പുനർനിർമിച്ചും സംരക്ഷണഭിത്തി കെട്ടിയുമാണ് നവീകരിച്ചത്. ചളിയും മാലിന്യങ്ങളും നിറഞ്ഞ 53949 ക്യുബിക് മീറ്റർ മണ്ണ് ചിറയിൽനിന്ന് നീക്കിയിട്ടുണ്ട്. ഇതോടെ ചിറയുടെ ജലസംഭരണ ശേഷി 799.93 ലക്ഷം ലിറ്ററിൽനിന്ന് 1339.42 ലക്ഷം ലിറ്ററായി. ചിറക്കൽ കോവിലകത്തിന്റെ അധീനതയിലുള്ള ചിറ വ്യവസ്ഥകളോടെ ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരിച്ചത്.
മഴക്കാലത്ത് ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽനിന്ന് ഒഴുകി വരുന്ന അഴുക്ക് വെള്ളം ചിറയിലേക്ക് പ്രവേശിക്കുന്നത് തടയാൻ സംരക്ഷണഭിത്തിയുടെ മുകളിലായി പാരപ്പറ്റ് മതിലും നിർമിച്ചിട്ടുണ്ട്.
ചടങ്ങിൽ കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. രവീന്ദ്രവർമ രാജ മുഖ്യാതിഥിയായി. മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ കെ ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രുതി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.