ചിറമ്മൽ ദ്വീപിന് പുറംലോകത്തേക്ക് വഴികാണിക്കാമോ
text_fieldsപാനൂർ: വള്ള്യായി ചിറമ്മൽ ദ്വീപിന് പുറംലോകവുമായി ബന്ധപ്പെടാൻ വഴി വേണം. മൊകേരി പഞ്ചായത്തിലെ ഈ ചെറിയ പ്രദേശം മഴക്കാലമെത്തിയതോടെ വെള്ളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട നിലയിലാണ്. 20 ഏക്കറോളം വിസ്തൃതിയുള്ള ദ്വീപിൽ 18 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ദ്വീപിന് വെളിയിലിറങ്ങാൻ ആകെയുള്ളത് 30 വർഷം പഴക്കമുള്ള ഒട്ടും വീതിയില്ലാത്ത സിമന്റ് നടപ്പാലമാണ്. കാലപ്പഴക്കം കാരണം പാലത്തിന്റെ നിലനിൽപുതന്നെ അപകടത്തിലായിട്ട് വർഷങ്ങളായി. മേൽഭാഗം അടർന്നുവീണ് ദുർബലമായ ഭാഗത്ത് മുളവെച്ച് കെട്ടിയാണ് നിലവിൽ നാട്ടുകാർ പാലം ഉപയോഗിക്കുന്നത്.
സൗകര്യപ്രദമായ പാലവും അനുബന്ധ റോഡും പതിറ്റാണ്ടുകളായി ദ്വീപ് വാസികളുടെ സ്വപ്നമാണ്.
വാഹനങ്ങൾ കടന്നുവരാത്തതിനാൽ ദ്വീപിലെ വിവാഹങ്ങൾ പോലും മുങ്ങിയിട്ടുണ്ട്. വിവാഹാലോചനയുമായി ഒരുവിധം ആരും ദ്വീപിലേക്ക് വരാറില്ല. രോഗം വന്നാൽ ചികിത്സ നൽകാനായി വൃദ്ധരെയും മറ്റും കസേരയിലിരുത്തി ദ്വീപിന് പുറത്ത് എത്തിക്കേണ്ട നിസ്സഹായതയാണിവിടെ.
നിർമാണ പ്രവൃത്തികൾ നടത്തണമെങ്കിൽ സാധന സാമഗ്രികൾ തലച്ചുമടായി എത്തിക്കണം. അതുകൊണ്ടുതന്നെ പലരും നിർമാണ പ്രവൃത്തികളും നടത്തുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഇവിടെയുള്ളവരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്. താഴ്ന്ന പ്രദേശമായതിനാൽ ചെറിയ മഴ പെയ്താൽ പോലും വീടുകളിൽ വെള്ളം കയറും. മഴ കനത്താൽ നിത്യജീവിതം തീർത്തും ദുരിതത്തിലാവും. വിദ്യാർഥികളാണ് ഏറെ പ്രയാസപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.