ധനകാര്യ സ്ഥാപനത്തിന്റെ ചൊക്ലി ശാഖയും പൂട്ടി; നിക്ഷേപകർ പെരുവഴിയിൽ
text_fieldsചൊക്ലി: മാഹിക്കു പിന്നാലെ ചൊക്ലി ബൈപാസ് റോഡിൽ പ്രവർത്തിച്ചു വന്നിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനം പൂട്ടി ജീവനക്കാർ സ്ഥലം വിട്ടതായി പരാതി. ഇതോടെ ഇവിടെ പണം നിക്ഷേപിച്ച നിരവധിപേർ പെരുവഴിയിലായി. രണ്ട് മാസം മുമ്പ് മാഹിയിലെ ശാഖ പൂട്ടിയിരുന്നു. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരടക്കം നിരവധി സാധാരണക്കാരുടെ പണമാണ് സ്ഥാപനത്തിൽ കുടുങ്ങിയത്.
പണം പിൻവലിക്കാനെത്തിയവർക്ക് പിന്നീട് നൽകാമെന്ന് പറഞ്ഞ് പലതവണ തീയതികൾ കുറിച്ചുനൽകിയെങ്കിലും പണം ലഭിച്ചില്ല. ഇതോടെ നിക്ഷേപകർ സ്ഥാപനത്തിലെത്തി ബഹളം വെച്ചതിനെ തുടർന്ന് ചൊക്ലി പൊലീസ് സ്ഥലത്തെത്തി സ്ഥാപന മാനേജറെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. അടുത്തദിവസം സ്ഥാപന മേധാവികൾ സ്റ്റേഷനിലെത്താമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമായില്ല. ഇതിനിടെയാണ് സ്ഥാപനം പൂട്ടി മൂന്നംഗ ജീവനക്കാർ സ്ഥലം വിട്ടത്.
കണ്ണൂർ സ്വദേശിയാണ് സ്ഥാപനത്തിന്റെ ചെയർമാനെന്ന് പറയുന്നു. നിരവധി ജീവനക്കാരെവെച്ച് കടകളിൽനിന്നും വീടുകളിൽനിന്നും നിത്യേന പണം സ്വരൂപിച്ചിരുന്നു. ബാങ്കിലേത് പോലെ നികുതി അടക്കേണ്ടിവരില്ലെന്നും പലിശ കൂടുതൽ കിട്ടുമെന്നും വിശ്വസിച്ച് വൻ തുക നിക്ഷേപിച്ചവരും കൂട്ടത്തിലുണ്ട്.
സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരോട് 25,000 രൂപ മുതൽ നാലുലക്ഷം വരെ സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിയിരുന്നു. കൃത്യമായി ശമ്പളം നൽകാത്തതിനാൽ രാഷ്ട്രീയ പാർട്ടികൾ ഇടപെട്ടെങ്കിലും ശമ്പളം നൽകിയില്ല. നിരവധിപേരാണ് കലക്ഷൻ ഏജന്റായി പ്രവർത്തിച്ചിരുന്നത്. ഇവരും നിക്ഷേപകർക്ക് മുന്നിൽ കൈ മലർത്തുകയാണ്. നിരവധി വ്യാപാരികളും വീട്ടമ്മമാരും കൂലിത്തൊഴിലാളികളും ഉൾപ്പെടെ സ്ഥാപനത്തിന്റെ ഇരകളായിട്ടുണ്ടെന്നാണ് അറിയുന്നത്.
ചൊക്ലിയിലും പരിസരത്തുമുള്ളവരാണ് കലക്ഷൻ ഏജന്റുമാർ.ഇവരെ ഉപയോഗപ്പെടുത്തിയാണ് ലക്ഷകണക്കിന് രൂപ നിക്ഷേപമായി ധനകാര്യ സ്ഥാപനത്തിലെത്തിച്ചത്. നിക്ഷേപകർ വിളിക്കുമ്പോൾ ഏജന്റുമാരാണ് സമ്മർദത്തിലാകുന്നത്.മാനേജ്മെന്റിനെ ബന്ധപ്പെട്ടാൽ ഫോണെടുക്കാത്ത അവസ്ഥയാണ്. ജില്ലയിൽ സ്ഥാപനത്തിന്റെ നിരവധി ശാഖകൾ ഇതിനകം തന്നെ പൂട്ടിയതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.