പൈപ്പ് വഴി ഗ്യാസ് മാഹിയിലേക്കും
text_fieldsകണ്ണൂർ: പൈപ്പ് വഴി പാചകവാതകം വീടുകളിലേക്ക് എത്തിക്കുന്ന ഗെയിൽ സിറ്റി ഗ്യാസ് പദ്ധതി മാഹിയിലേക്കും. ഇതിനായുള്ള പൈപ്പിടൽ പ്രവൃത്തിക്ക് തുടക്കമായി. മേലെചൊവ്വ മുതൽ മാഹി വരെയുള്ള 30 കിലോ മീറ്ററിൽ പാചകവാതകം എത്തിക്കുന്നതിനായുള്ള പൈപ്പിടൽ പ്രവൃത്തിക്കാണ് തുടക്കമായത്.
കൂടാതെ ജില്ലയുടെ കൂടുതൽ ഭാഗങ്ങളിലേക്കും പൈപ്പ് വഴി പാചക വാതകം എത്തിക്കുന്നതിനുള്ള നടപടികൾ ഗെയിൽ അധികൃതർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുഴപ്പിലങ്ങാട്, അഴിയൂർ, വളപട്ടണം ഭാഗങ്ങളിലേക്ക് പൈപ്പ് ലൈൻ നീട്ടുന്ന ജോലികളും തുടങ്ങി.
ചാലോട് മുതൽ മേലേചൊവ്വ വരെ 15 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ പണി നേരത്തെ പൂർത്തിയായിരുന്നു. കണ്ണൂർ, കാസർകോട്, മാഹി എന്നിവിടങ്ങളിലേക്ക് കൂടാളി സിറ്റി ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് പാചക വാതകം വിതരണം ചെയ്യുക. കൊച്ചി - മംഗളൂരു ഗെയിൽ വാതക പൈപ്പ് ലൈനിൽ നിന്ന് കഴിഞ്ഞ നവംബർ ഒന്നിനാണു ജില്ലയിൽ ആദ്യമായി വീടുകളിലേക്ക് കണക്ഷൻ നൽകിത്തുടങ്ങിയത്.
കൂടാളി, മുണ്ടേരി പഞ്ചായത്തുകളിലെ 200ലേറെ വീടുകളിലാണ് നിലവിൽ കണക്ഷൻ എത്തിയത്. 400 വീടുകളിലേക്കുള്ള പൈപ്പിടൽ പുരോഗമിക്കുന്നു. ഇതിൽ മുന്നോറോളം വീടുകളിലെ പ്ലംബിങ് ജോലികളടക്കം പൂർത്തിയായി. അടുത്തുതന്നെ ഈ വീടുകളിൽ കണക്ഷൻ നൽകും.
ദേശീയ പാതയുടെ തലശ്ശേരി - മാഹി ബൈപാസിലൂടെയാണ് നിലവിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നത്. സർവീസ് റോഡിനോടു ചേർന്നുള്ള യൂട്ടിലിറ്റി കോറിഡോർ വഴി പൈപ്പിടുന്നതിനാൽ റോഡ് പൊളിക്കേണ്ട ആവശ്യമില്ല എന്നാണ് അധികൃതരുടെ വാദം. അതിനാൽതന്നെ പെട്ടെന്ന് പ്രവൃത്തി പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടലും
ഇതിനുപുറമെ കോർപറേഷന്റെ സഹകരണത്തോടെ എട്ട് ഡിവിഷനിലേക്കുള്ള വീടുകളിൽ ഗ്യാസ് പൈപ്പ് ലൈൻ പണി തുടങ്ങാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. ഇതിനായുള്ള സർവേ നടപടികൾ പൂർത്തിയായി ടെൻഡർ വിളിക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിലാണ്. കോർപറേഷന്റെ 14,15,16,17, 18,20, 22,25 ഡിവിഷനുകളിലാണ് ആദ്യഘട്ടത്തിൽ പൈപ്പിടൽ പ്രവൃത്തി തുടങ്ങുക.
ഉപയോഗിച്ച ഗ്യാസിന് മാത്രം പണം നൽകിയാൽ മതിയെന്നതിനാൽ കൂടുതൽ അപേക്ഷകളാണ് പദ്ധതിക്കായെത്തുന്നത്. കൂടാളി സിറ്റി ഗ്യാസ് സ്റ്റേഷനിൽനിന്ന് മർദം കുറച്ചാണ് വീടുകളിലേക്ക് പാചകവാതകം നൽകുക. പൊതുപൈപ്പിൽനിന്ന് വീടുകളിലേക്കുള്ള കണക്ഷൻ 15 മീറ്റർ വരെ സൗജന്യമാണ്.
കൂടാതെ 24 മണിക്കൂറും പാചക വാതകം പൈപ്പ് വഴി ലഭ്യമാകും. എൽ.പി.ജി പാചകവാതകത്തേക്കാൾ 30 ശതമാനം വില കുറച്ചാണ് ഗാർഹിക ഉപഭോക്താക്കൾക്ക് ഗ്യാസ് പൈപ്പ് വഴി വിതരണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.