ഭയപ്പാടിന്റെ നഗരം; സുരക്ഷയൊരുക്കാൻ പൊലീസ്
text_fieldsകണ്ണൂർ: അടുത്തടുത്ത ദിവസങ്ങളിൽ ട്രെയിൻ തീവെപ്പും കൊലപാതകവും നടന്നതോടെ ആളുകൾ രാത്രി കണ്ണൂർ നഗരത്തിലെത്തുന്നത് ഭയത്തോടെ. വിവിധയിടങ്ങളിലേക്ക് യാത്രചെയ്യാനും ജോലികഴിഞ്ഞും മറ്റും കണ്ണൂരിലെത്തുന്നവരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അനിഷ്ട സംഭവങ്ങൾ ചില്ലറയൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഇരുട്ടിന്റെ മറവിൽ അക്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാർ, ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ രാത്രിപരിശോധന നടത്തുന്നുണ്ട്. അമ്പതിലേറെ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അക്രമസംഭവങ്ങൾക്ക് തടയിടുകയാണ് ലക്ഷ്യം.
ബുധനാഴ്ച രാത്രി തുടങ്ങിയ പരിശോധന വ്യാഴാഴ്ച പുലർച്ച വരെ നീണ്ടു. സംശയാസ്പദമായി കണ്ടെത്തിയവരെ ചോദ്യം ചെയ്തു. ചിലരെ താക്കീത് ചെയ്തുവിട്ടയച്ചു. അനധികൃതമായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ കറങ്ങി നടന്നവരെ ചോദ്യം ചെയ്തു. കണ്ണൂരിൽ തെരുവുവിളക്കുകൾ കത്താത്ത ഭാഗങ്ങളിൽ വെളിച്ചമുറപ്പാക്കാൻ നടപടി വേണമെന്ന് നഗരത്തിലെത്തുന്നവർ പറയുന്നു.
യോഗശാല റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, പഴയ സ്റ്റാൻഡ്, താവക്കര, കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം, പ്രസ് ക്ലബിന് സമീപത്തെ മേൽപ്പാലം തുടങ്ങിയ ഭാഗങ്ങളിൽ ഇരുട്ടിന്റെ മറവിൽ നിരവധി അതിക്രമങ്ങൾ അരങ്ങേറുന്നുണ്ട്. പലതും പരാതിയും കേസുമാകുന്നില്ലെന്ന് മാത്രം.
കഴിഞ്ഞദിവസം പുലർച്ചെ പഴയ ബസ് സ്റ്റാൻഡിൽ സ്റ്റേഡിയത്തിന് സമീപം കവർച്ചശ്രമം തടയുന്നതിനിടെ ലോറി ഡ്രൈവർ കുത്തേറ്റ് റോഡരികിൽ ചോരവാർന്ന് മരിച്ചത് ഞെട്ടലുണ്ടാക്കിയിരുന്നു. കണിച്ചാര് പൂളക്കുറ്റി സ്വദേശി വടക്കേത്ത് വി.ഡി. ജിന്റോ (39) യാണ് കണ്ണൂർ റെയില്വേ സ്റ്റേഷന് കിഴക്കേ കവാടത്തിന് സമീപം റോഡരികിൽ ചോരവാർന്ന് മരിച്ചത്. സംഭവത്തിൽ സ്ഥിരം കുറ്റവാളികളായ മൂന്നുപേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നഗരമധ്യത്തിൽ കുറ്റവാളികളും സാമൂഹികവിരുദ്ധരും അഴിഞ്ഞാടുകയാണെന്നും പൊലീസ് പരിശോധന കാര്യക്ഷമമല്ലെന്നും വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രിസുരക്ഷയൊരുക്കാൻ പൊലീസ് അരയും തലയും മുറുക്കിയിറങ്ങിയത്. താവക്കര ബസ് സ്റ്റാൻഡ് വന്നതോടെ കണ്ണൂർ പഴയ സ്റ്റാൻഡിൽ തിരക്കൊഴിഞ്ഞു. പലപ്പോഴും രാത്രി യാത്രക്കാരില്ലാതെ വിജനതയിലായിരിക്കും. വേണ്ടത്ര വെളിച്ചവുമില്ല. ഇത് മുതലെടുത്താണ് സാമൂഹിക വിരുദ്ധർ ഈ ഭാഗത്ത് തമ്പടിക്കുന്നത്.
മാധ്യമപ്രവർത്തകന്റെ മരണത്തിൽ ദുരൂഹത
ബുധനാഴ്ച മരിച്ച പ്രാദേശിക മാധ്യമപ്രവർത്തകനും പാപ്പിനിശ്ശേരി കരിക്കൻകുളം സ്വദേശിയുമായ ഷാജി ദാമോദരനെ മൂന്നാഴ്ച മുമ്പ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ഗുരുതരമായി പരിക്കേറ്റനിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് അന്വേഷിച്ചുവരികയാണ്. മേയ് 18ന് പുലർച്ചെയാണ് പട്രോളിങ് നടത്തുന്ന പൊലീസ് ഷാജിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
പാപ്പിനിശ്ശേരിയിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ ഷാജിയെ കണ്ണൂർ നഗരത്തിൽ തള്ളി കാറോടിച്ചവർ കടന്നുകളഞ്ഞതാണെന്ന് സുഹൃത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഇത് ഷാജിയല്ലെന്ന് കണ്ടെത്തി. അബോധാവസ്ഥയിലായതിനാൽ ഷാജിയിൽനിന്ന് മൊഴിയെടുക്കാനുമായില്ല. എങ്ങനെയാണ് പരിക്കേറ്റതെന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞയാഴ്ച കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ കോച്ചുകൾ തീവെച്ച് നശിപ്പിച്ചത് സുരക്ഷാവീഴ്ചയായാണ് കാണുന്നത്. ഇതേ തുടർന്ന് ആർ.പി.എഫും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിൽ ഇരുട്ടിന്റെ മറവിൽ മയക്കുമരുന്ന് വിൽപനയും പിടിച്ചുപറിയും മറ്റും സജീവമാണ്.
2017ൽ മദ്യപർ തമ്മിലുണ്ടായ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം ഒരാൾ കൊല്ലപ്പെട്ടിരുന്നു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സ്ഥിരം പൊലീസ് പട്രോളിങ് ഉറപ്പാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.