തൈക്കടപ്പുറത്ത് സി.പി.എം-മുസ്‍ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം; ഒമ്പതു പേർക്ക് പരിക്ക്
text_fieldsനീലേശ്വരം: തൈക്കടപ്പുറം അഴിത്തലയിൽ സി.പി.എം- മുസ്‍ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരു വിഭാഗത്തിൽപെട്ട ഒമ്പതു പേർക്ക് പരിക്കേറ്റു. സി.പി.എം പ്രവർത്തകരായ ജിഷ്ണു, മണികണ്ഠൻ, ശ്രീരാജ്, ആദിത്യൻ, അഭിറം എന്നിവരെ പരിക്കുകളോടെ നീലേശ്വരം തേജസ്വനി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പി. നസീബ്, ടി.കെ.സി. ഫർഹാൻ, ടി.കെ.സി. സനാൻ, കെ. അഫ് സാദ് എന്നിവരെ പരിക്കുകളോടെ പടന്നക്കാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൈക്കടപ്പുറം അഴിത്തല ബദർ ജുമാ മസ്ജിദ് കമ്മിറ്റി നബിദിനാഘോഷത്തിന്‍റെ ഭാഗമായി പരിസരം വൃത്തിയാക്കി തോരണം കെട്ടുകയായിരുന്നവർക്ക് നേരെ ബുധനാഴ്ച രാത്രി സി.പി.എം പ്രവർത്തകർ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ ലീഗ് പ്രവർത്തകർ പറഞ്ഞു.
കൊടുവാൾ, ഇരുമ്പുദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായാണ് ആക്രമിച്ചതെന്നും ഇവർ പറഞ്ഞു. തീരദേശമേഖലയിൽ മനഃപൂർവം കുഴപ്പങ്ങൾ സൃഷ്ടിച്ച് നാട്ടിൽ അശാന്തി പടർത്തുന്ന ഇത്തരം സാമൂഹിക ദ്രോഹികളെ തിരിച്ചറിയണമെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അഴിത്തല ബദർ മഹല്ല് ജമാഅത്ത് കമ്മിറ്റി അറിയിച്ചു.
അതേസമയം, ബുധനാഴ്‌ച രാത്രിയിൽ ബൈക്കിൽ വരുകയായിരുന്ന അഴിത്തലയിലെ സി.പി.എം പ്രവർത്തകരെ ഫ്രൈഡേ ക്ലബ് പരിസരത്തുനിന്നും തടഞ്ഞ് നിർത്തി മർദിച്ചതായും ബൈക്ക് തകർത്തതായും പരിക്കേറ്റ് ചികിത്സയിലുള്ള സി.പി.എം പ്രവർത്തകർ പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഴിത്തലയിൽ സിനിമ ഷൂട്ടിങ് നടക്കുമ്പോൾ ഇരുവിഭാഗവും തമ്മിൽ നേരിയ സംഘർഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായിരുന്നു ഈ സംഘർഷവും. ഇരു വിഭാഗത്തിെന്റയും മൊഴി എടുത്ത ശേഷം പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.