മഴയെത്തുംമുമ്പേ ശുചീകരണം
text_fieldsകണ്ണൂർ: ജില്ലയില്‍ മഴക്കാല പൂര്‍വ ശുചീകരണം മേയ് 20 നകം പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ജില്ലതല യോഗത്തില്‍ തീരുമാനം. വാര്‍ഡുതല ജാഗ്രത സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ എ.ഡി.എം നവീന്‍ ബാബു നിര്‍ദേശിച്ചു.
റോഡരികിലെ അഴുക്കുചാലുകളിലെ മണ്ണും മാലിന്യവും നീക്കാനുണ്ട്. തോടുകളുടെയും നീർചാലുകളുടെയും ശുചീകരണവും വീണ്ടെടുപ്പും പൂർത്തിയാക്കേണ്ടതുണ്ട്. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം നേടുന്നതിനായി മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തുകയാണ് ലക്ഷ്യം. മാലിന്യ നിര്മാര്ജനംവഴി പകര്‍ച്ച വ്യാധികളും ജലജന്യ രോഗങ്ങളും പ്രതിരോധിക്കാന്‍ കഴിയുമെന്നതിനാല്‍ ഈ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ ജാഗ്രതയും വകുപ്പുകളുടെ ഏകോപനവും ഉണ്ടാവണമെന്ന് യോഗം നിര്‍ദേശിച്ചു.
തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും ഈ രംഗത്തെ ഏജന്‍സികളെയും ഏകോപിപ്പിച്ചാണ് ശുചീകരണം നടപ്പാക്കുക. വിപുലമായ പൊതുജന പങ്കാളിത്തവും ഉറപ്പാക്കും.
മാലിന്യ പരിപാലനം ഉറപ്പാക്കല്‍, കൊതുക് നിവാരണം, ജലസ്രോതസ്സുകളുടെ ശുചീകരണം എന്നീ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കും. ഇതിനായി തദ്ദേശസ്ഥാപന തലത്തിലും വാര്‍ഡുതലത്തിലും ജാഗ്രത സമിതികള്‍ രൂപവത്കരിക്കും.
ആരോഗ്യ വകുപ്പ് ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.ഏപ്രില്‍ 18ന് തദ്ദേശസ്ഥാപന അധ്യക്ഷരുടെ ഓണ്‍ലൈന്‍ യോഗം നടത്തി പ്രവര്‍ത്തനം ആസൂത്രണം ചെയ്തതായി തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ പി.വി. ജസീര്‍ അറിയിച്ചു.
ഹോട്ട്സ്പോട്ടുകളില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ഊര്‍ജിത ശുചീകരണം നടത്തിവരികയാണ്. വാര്‍ഡ് സാനിറ്റേഷന്‍ സമിതി യോഗങ്ങളും നടക്കുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പിടികൂടാന്‍ രണ്ട് ജില്ലതല സ്ക്വാഡ് സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിന് പറഞ്ഞു. എന്‍.എച്ച്.എം ജില്ല പ്രോജക്ട് മാനേജര്‍ ഡോ. പി.കെ. അനില്‍കുമാര്‍, ടെക്നിക്കല്‍ അസി. സി.ജെ. ചാക്കോ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.