സുരക്ഷയില്ലാതെ തീരം; പള്ളിയാംമൂലയിൽ വിനോദസഞ്ചാരി ഒഴുക്കിൽപെട്ടു
text_fieldsകണ്ണൂർ: പയ്യാമ്പലം ബീച്ചിന് സമീപം കർണാടക സ്വദേശിയായ വിനോദസഞ്ചാരി കടലിൽ ഒഴുക്കിൽപെട്ടു. കോസ്റ്റൽ പൊലീസും ലൈഫ് ഗാർഡുമാരും ചേർന്ന് രക്ഷപ്പെടുത്തി കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരു സ്വദേശി പവൻ (30) ആണ് അപകടത്തിൽപെട്ടത്. പയ്യാമ്പലം ബീച്ച് റോഡിൽ പള്ളിയാംമൂല പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം.
സ്വകാര്യ സ്ഥാപനത്തില് ജോലിചെയ്യുന്ന പവൻ സമീപത്തെ റിസോർട്ടിൽ താമസിക്കുകയായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്. അഴീക്കൽ കോസ്റ്റൽ പൊലീസിന്റെ രക്ഷാബോട്ടും സ്ഥലത്തെത്തിയിരുന്നു.
കോസ്റ്റൽ പൊലീസ് ജീപ്പിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പള്ളിയാമൂല ഭാഗത്ത് ആഴം കൂടുതലാണെന്ന് പരിസരവാസികൾ പറയുന്നു. പരിചയമില്ലാത്തവർ കടലിലിറങ്ങുമ്പോൾ അപകടത്തിൽപെടാനുള്ള സാധ്യതയേറെയാണ്. ഒരു വർഷത്തിനിടെ 20ഓളം പേരാണ് പള്ളിയാൻമൂല-നീർക്കടവ് ഭാഗങ്ങളിൽ ഒഴുക്കിൽപെട്ടത്.
പയ്യാമ്പലം ബീച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ താമസക്കാരായെത്തുന്ന സഞ്ചാരികൾ ബീച്ചിൽനിന്ന് മൂന്നു കിലോമീറ്റർ ദൂരത്തിലുള്ള കടൽത്തീരങ്ങളിൽ ഇറങ്ങുന്നത് പതിവാണ്. ബീച്ചിൽ മാത്രമാണ് ലൈഫ് ഗാർഡുമാരുടെ സേവനമുള്ളത്. സ്വകാര്യ സ്ഥാപനങ്ങളിൽ താമസിക്കാനെത്തുന്നവർക്ക് കടലിൽ ഇറങ്ങുന്നത് സംബന്ധിച്ച നിർദേശങ്ങൾ നൽകേണ്ടതും ആവശ്യമായ സുരക്ഷ ഒരുക്കേണ്ടതും സ്ഥാപനങ്ങളുടെ ചുമതലയാണ്.
എന്നാൽ, പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ലെന്ന് പരാതിയുണ്ട്. ബീച്ചിൽ തിരക്കാകുമ്പോൾ വാഹനങ്ങളുമായി എത്തുന്നവർ ബീച്ചിൽനിന്ന് മാറി നീർക്കടവ് വരെയുള്ള ഭാഗങ്ങളിലിറങ്ങും. അപകടകരമായ രീതിയിൽ കടലിൽ കുളിക്കുമ്പോൾ ലൈഫ് ഗാർഡുമാർ നിർദേശം നൽകാറുണ്ട്.
ബീച്ചിന്റെ പ്രധാന ഭാഗത്ത് മാത്രമാണ് ലൈഫ് ഗാർഡുമാരുടെ സേവനമുള്ളത്. നിലവിൽ അഞ്ചുപേർ മാത്രമാണുള്ളത്. ബീച്ചിലെ സുരക്ഷക്ക് മാത്രം രണ്ട് ഷിഫ്റ്റുകളിലായി 20 പേരെങ്കിലും വേണം. കൂടുതൽ പേരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലൈഫ് ഗാർഡുമാരുടെ യൂനിയൻ ടൂറിസം വകുപ്പിന് അപേക്ഷ നൽകിയിരുന്നു.
ഇത് നിർദേശമായി ധനവകുപ്പിന് മുന്നിലെത്തിയെങ്കിലും നിരാകരിക്കുകയായിരുന്നു. ചാൽ, ചൂടാട്ട്, എട്ടികുളം ബീച്ചുകളിലും ലൈഫ് ഗാർഡുമാരുടെ സേവനമില്ല.
കാഴ്ചകളും അനുഭവങ്ങളും തേടി സഞ്ചാരികൾ ബീച്ചുകളിൽ എത്തുന്നതിനനുസരിച്ച് സുരക്ഷയൊരുക്കണമെന്ന ആവശ്യം ശക്തമാണ്. രാത്രിയിലടക്കം ആയിരക്കണക്കിന് പേരാണ് തീരസൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. പയ്യാമ്പലത്ത് ഞായർ അടക്കമുള്ള ഒഴിവുദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം 12,000 കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.