തീരദേശ പാത: സാമൂഹിക പ്രത്യാഘാത പഠനത്തിന് പബ്ലിക് ഹിയറിങ്
text_fieldsന്യൂമാഹി: തീരദേശ ഹൈവേ വികസന പദ്ധതിയുടെ സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാൾ, മാഹി ഗ്രാമപഞ്ചായത്ത് ഓഫിസ് ഹാൾ എന്നിവിടങ്ങളിൽ നടത്തി. തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 14 വാർഡുകളും ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളും ഉൾപ്പെടെയുള്ള ന്യൂമാഹി, കോടിയേരി, തിരുവങ്ങാട്, തലശ്ശേരി എന്നീ വില്ലേജുകളിലെ 821 ഗാർഹിക, വ്യാപാര, വാണിജ്യ സ്ഥാപന ഉടമകളെയും വാടകക്കാരെയും തൊഴിലാളികളെയുമാണ് പദ്ധതി ബാധിക്കുന്നത്.
സംസ്ഥാനത്തെ 629 കി.മി ദൈർഘ്യമുള്ള പദ്ധതിയിൽ 64.9 കി.മി ദൂരമാണ് കണ്ണൂർ ജില്ലയിലൂടെ കടന്നുപോകുന്നത്. ഇതിൽ മാഹി പാലം മുതൽ ധർമടം പാലം വരെയുള്ള 10.6 കി.മി പരിധിയിൽ വരുന്ന ആഘാത ബാധിതർക്കായാണ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചത്. മാഹി പാലം മുതൽ ധർമടം പാലം വരെയുള്ള റീച്ച് ഒന്നിലെ ഹിയറിങ്ങാണ് നടന്നത്. തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ഹിയറിങ്ങിൽ നഗരസഭ അധ്യക്ഷ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ എം.വി. ജയരാജൻ ഉൾപ്പെടെയുള്ള കൗൺസിലർമാരും യോഗത്തിൽ സംബന്ധിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫിസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. നിയമസഭ സ്പീക്കറുടെ പ്രതിനിധിയായി ഇ. ചന്ദ്രൻ, റവന്യൂ വകുപ്പിനെ പ്രതിനിധീകരിച്ച് എൽ.എ സ്പെഷൽ തഹസിൽദർ സാജൻ സി. വർഗീസ്, എ. ഉണ്ണികൃഷ്ണൻ, സൂരജ് എന്നിവരും കേരള റോഡ് ഫണ്ട് ബോഡിനെ പ്രതിനീധീകരിച്ച് അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.വി. മനോജ്കുമാർ, കെ. രാം, അനൂപ് മോഹൻ എന്നിവരും പങ്കെടുത്തു. സാമൂഹിക പ്രത്യാഘാത പഠനം നടത്തി ജില്ല കലക്ടർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാനറ്റ് കേരളയാണ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചത്. പ്ലാനറ്റ് കേരള എക്സിക്യൂട്ടിവ് ഡയറക്ടർ ആന്റണി കുന്നത്ത്, എൽ. ജയകുമാർ, ആർ.ബി. രാധു, ശ്രീദേവി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.