തീരദേശ പൊലീസിന്റെ ബോട്ട് കട്ടപ്പുറത്ത്; രക്ഷക്ക് മത്സ്യത്തൊഴിലാളികൾ തന്നെ
text_fieldsകണ്ണൂർ: അഴീക്കൽ തീരദേശ പൊലീസ് സ്റ്റേഷനിലെ രക്ഷാ ബോട്ട് കട്ടപ്പുറത്ത്. കടലിൽ അപകടങ്ങൾ നടന്നാൽ രക്ഷാപ്രവർത്തനത്തിന് പോവേണ്ട ബോട്ട് പ്രവർത്തനരഹിതമാണ്. ബോട്ടിന്റെ എൻജിൻ കേടായിട്ട് മാസത്തോളമായി. കൊച്ചിൻ ഷിപ്യാഡുമായി ബന്ധപ്പെട്ട കമ്പനിക്കാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കുള്ള കരാർ. എന്നാൽ, ഇവരുടെ കരാർ കാലാവധി മാർച്ചിൽ കഴിഞ്ഞു. ഇനി പുതിയ കരാർ നൽകിയാലേ അറ്റകുറ്റപ്പണിക്ക് ആളെത്തുകയുള്ളൂ.
ഇന്നലെ ഏഴിമലയിൽ കടലിൽ മത്സ്യബന്ധനത്തിനിടെ പ്രഷർകുക്കർ പെട്ടിത്തെറിച്ച് അപകടമുണ്ടായപ്പോൾ തൊഴിലാളികൾ അഴീക്കൽ സ്റ്റേഷനിലേക്ക് ബോട്ട് ആവശ്യപ്പെട്ട് വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ തന്നെ ബോട്ടിലാണ് ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചത്. നേരത്തേ വളപട്ടണം പുഴയിലുൾപ്പെടെ അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നത് കോസ്റ്റൽ പൊലീസിന്റെ ബോട്ടാണ്.
എല്ലാ തീരദേശ സ്റ്റേഷനുകളിലും രക്ഷാപ്രവർത്തനത്തിനും കടൽ പെട്രോളിങ്ങിനുമായി ഒരു ബോട്ടാണുണ്ടാവുക. എന്നാൽ, കാലപ്പഴക്കവും തകരാറും കാരണം മിക്ക ബോട്ടുകളും പ്രവർത്തിക്കുന്നില്ല. അതിനാൽ, അത്യാഹിതങ്ങളുണ്ടാവുമ്പോൾ കോസ്റ്റൽ പൊലീസിന് മത്സ്യത്തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതും ബോട്ടുകൾ തകരാറാവാൻ കാരണമാവാറുണ്ട്.
ആറു മാസത്തിലൊരിക്കലോ 250 മണിക്കൂർ ഓടിയാലോ എൻജിൻ ഓയിൽ മാറ്റണമെന്നാണ് വ്യവസ്ഥ. എന്നാൽ, സർവിസിന് കൊച്ചിയിൽ നിന്ന് ആളെത്തണമെന്നതിനാൽ ഇതൊന്നും കൃത്യമായി നടക്കാറില്ല. കമ്പനിയുടെ കരാർ കാലാവധി കഴിഞ്ഞതിനാൽ ഇപ്പോൾ തീരെ നടക്കുന്നില്ല. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് പുതിയ കരാർ നൽകാത്തതെന്നാണ് സൂചന. 15 വർഷമാണ് ഒരു ബോട്ടിന്റെ കാലാവധി. മിക്ക സ്റ്റേഷനുകളിലും കാലാവധി കഴിഞ്ഞ ബോട്ടുകളാണുള്ളത്.
ആയിക്കരയിൽ ഫിഷറീസ് വകുപ്പിന്റെ മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് ഉള്ളതാണ് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം. വലിയ ബോട്ടായതിനാൽ, ഇവക്ക് ആഴക്കടലിലുൾപ്പെടെ പോകാൻ കഴിയും. എന്നാൽ, മണലടിഞ്ഞു കൂടി ആഴമില്ലാതായ ഭാഗങ്ങളിൽ അപകടങ്ങളുണ്ടായാൽ ഈ ബോട്ടുകൾ കൊണ്ടുപോകാൻ പ്രയാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.