തീരദേശ പരിപാലന നിയമ ഇളവ്; ജില്ലയിൽ 11 പഞ്ചായത്തുകൾ
text_fieldsകണ്ണൂർ: തീരദേശ പരിപാലന നിയമത്തിൽ ഇളവുതേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച കരട് പട്ടികയിൽ കണ്ണൂർ ജില്ലയിൽനിന്ന് 11 ഗ്രാമപഞ്ചായത്തുകൾ.
അഴീക്കോട്, ചെറുകുന്ന്, ചിറക്കൽ, ചൊക്ലി, കല്യാശ്ശേരി, കണ്ണപുരം, മാട്ടൂൽ, ന്യൂമാഹി, പാപ്പിനിശ്ശേരി, രാമന്തളി, വളപട്ടണം പഞ്ചായത്തുകളാണ് പട്ടികയിലുള്ളത്.
സംസ്ഥാനത്ത് 66 പഞ്ചായത്തുകളാണ് ഇളവ് തേടിയുള്ള കരട് പട്ടികയിലുള്ളത്. രണ്ട് മേഖലകളായാണ് പഞ്ചായത്തുകളെ തിരിച്ചിരിക്കുന്നത്. ഒരു ചതുരശ്ര കിലോമീറ്ററിൽ 2161ൽ കൂടുതൽ ജനങ്ങൾ താമസിക്കുന്ന പഞ്ചായത്തുകൾ 3എ ഗണത്തിലും അതിൽ കുറവുള്ളത് 3ബിയിലുമാകും വരുക.
3 എയിൽ ഉൾപ്പെട്ട ഇടങ്ങളിൽ 200 മീറ്റർ എന്ന ദൂരപരിധി 50 മീറ്ററാക്കും. 3 ബിയിലുള്ളവയിൽ 200 മീറ്ററുമാകും. ഇളവുകൾ ലഭിക്കുന്നതോടെ ഈ പഞ്ചായത്തുകളിൽ വീടുകൾ നിർമിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
കേന്ദ്രസർക്കാറിന്റെ വിജ്ഞാപനാടിസ്ഥാനത്തിൽ സംസ്ഥാനത്തിനു ലഭിക്കുന്ന ഇളവുകൾ സംബന്ധിച്ച് പഠിച്ച് ശിപാർശ സമർപ്പിക്കാൻ പരിസ്ഥിതി വകുപ്പ് സെക്രട്ടറി ചെയർമാനായി, സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
സമിതി തയാറാക്കിയ കരട് തീരദേശ പരിപാലന പ്ലാൻ, കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം അംഗീകരിക്കുന്നതോടെ 66 പഞ്ചായത്തുകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഇളവുകൾ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. പൊക്കാളിപ്പാടങ്ങളെയും അനുബന്ധ പ്രദേശങ്ങളെയും സി.ആർ.ഇസെഡ് നിയമത്തിന്റെ പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കുന്ന തരത്തിലാണ് കേരളം കരട് തയാറാക്കിയത്.
പൊതുജനങ്ങളിൽനിന്ന് 33,000 അഭിപ്രായങ്ങളും പരാതികളും കേട്ടശേഷമാണ് കരടിൽ മാറ്റംവരുത്താൻ ചെന്നൈ നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബ്ൾ കോസ്റ്റൽ മാനേജ്മെന്റിന്റെ അംഗീകാരത്തിന് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.