കോസ്റ്റൽ സോൺ മാനേജ്മെൻറ് പ്ലാൻ; അഞ്ചു പഞ്ചായത്തുകൾക്ക് തീരദേശ കെട്ടിടനിർമാണത്തിന് ഇളവുകൾ
text_fieldsപഴയങ്ങാടി: കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിെൻറ 2019 ജനുവരി 18ന്റെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയുടെ കരട് കോസ്റ്റൽ സോൺ മാനേജ്മെൻറ് പ്ലാൻ, കേരള കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റി പുറത്തിറക്കി.
ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ കടലോര ഗ്രാമപഞ്ചായത്തുകളായ മാട്ടൂൽ, അഴീക്കോട്, ന്യൂമാഹി, മുഴപ്പിലങ്ങാട്, ധർമടം പഞ്ചായത്തുകൾക്ക് തീരദേശങ്ങളിലെ കെട്ടിടനിർമാണത്തിന് ഇളവുകൾ അനുവദിച്ചാണ് പുതിയ കരട് പ്ലാൻ തയാറാക്കിയിട്ടുള്ളത്. പ്ലാൻ പരിശോധിച്ച് ആക്ഷേപം അറിയിക്കുന്നതിന് എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
തീരദേശ നിയന്ത്രണ പരിധിയിൽ ഉൾപ്പെടുത്തി കടലിലെയും പുഴയിലെയും വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്ററിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കുണ്ടായിരുന്നു. ഈ അഞ്ച് പഞ്ചായത്തുകളിലെ കെട്ടിടനിർമാണ പരിധി വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ ആക്കി കുറച്ചാണ് ഇളവ് നൽകിയിരിക്കുന്നത്. ഈ പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകളുടെ ഭവനനിർമാണ പ്രതീക്ഷകൾക്ക് ചിറക് നൽകുന്നതാണ് പുതിയ കരട് പ്ലാൻ.
കണ്ണൂർ ജില്ലയിലെ ഏഴ് കടലോര പഞ്ചായത്തുകളിൽ അഞ്ചെണ്ണത്തിന് ഇളവ് അനുവദിച്ചപ്പോൾ മാടായി, രാമന്തളി പഞ്ചായത്തുകൾക്ക് ജനസാന്ദ്രതയുടെ സാങ്കേതികത്വത്തിൽ ഇളവ് ലഭിച്ചില്ല. ഈ രണ്ട് പഞ്ചായത്തുകളിലും വേലിയേറ്റ രേഖയിൽനിന്നുള്ള നിർമാണപരിധി 200 മീറ്ററായി തന്നെ തുടരും. എന്നാൽ, നിബന്ധനകൾക്ക് വിധേയമായി നിശ്ചിത ചതുരശ്ര അളവിൽ ഭവനങ്ങൾക്കുമാത്രമായി 100 മീറ്റർ ദൂരപരിധിയിൽ കെട്ടിടനിർമാണ അനുമതി നേരത്തെ പഞ്ചായത്തുകൾക്ക് നൽകിയിരുന്നു.
2011ലെ സെൻസസ് അനുസരിച്ച് ഒരു ചതുരശ്ര കിലോമീറ്ററിലെ ജനസാന്ദ്രത 2161ൽ കൂടുതലുള്ള കടലോര പഞ്ചായത്തുകൾക്കാണ് കെട്ടിടനിർമാണത്തിന് ഇളവ് അനുവദിച്ചത്. രാമന്തളിയിൽ ജനസാന്ദ്രത 860ഉം മാടായിയിൽ 2101ഉം ആണ്. ഇളവ് അനുവദിച്ച അഞ്ച് പഞ്ചായത്തുകൾ സി.ആർ.ഇസെഡ് III എ പട്ടികയിലും രാമന്തളി, മാടായി പഞ്ചായത്തുകൾ സി.ആർ.ഇസെഡ് III ബി പട്ടികയിലുമാണ്. പുതിയ പ്ലാനിൽ ദ്വീപുകൾക്ക് കൂടുതൽ ഇളവ് നൽകി. ഇതനുസരിച്ച് മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ തെക്കുമ്പാട്, മടക്കര ദ്വീപുകളടങ്ങിയ വാർഡുകളിൽ നോൺ െഡവലപ്മെൻറ് സോൺ 50 മീറ്ററിൽനിന്ന് 20 മീറ്ററായി കുറച്ചിട്ടുണ്ട്. വേലിയേറ്റ രേഖയിൽനിന്ന് 20 മീറ്റർ ദൂരപരിധിയിൽ ഇവിടെ കെട്ടിടനിർമാണം സാധ്യമാകും.
ഈ മേഖലകളിൽ കടൽ വേലിയേറ്റ രേഖയിൽനിന്നുള്ള നിർമാണ ദൂരപരിധി പൂർവ സ്ഥിതിയിൽ തുടരും. എന്നാൽ, 50 മീറ്റർ പരിധിക്കുള്ളിൽ പരമ്പരാഗത തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും ഭവന നിർമാണങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി കൂടുതൽ ഇളവുകൾക്ക് പ്രാബല്യം നൽകുമെന്നാണ് സൂചന.
കരട് പ്ലാനിൽ നിർദേശിച്ച പരിധിയിൽ താമസാവശ്യത്തിനുള്ള കെട്ടിട നിർമാണത്തിന് തദ്ദേശ തലത്തിൽതന്നെ അനുമതി നൽകാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. നിലവിൽ എല്ലാ നിർമാണങ്ങൾക്കും സംസ്ഥാന കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റിയാണ് അനുമതി നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.