കോയമ്പത്തൂർ-കണ്ണൂർ മെമു ഓട്ടം വടകര വരെ
text_fieldsകണ്ണൂർ: എടക്കാട് ഭാഗത്ത് റെയിൽവേ എൻജിനീയറിങ് പ്രവൃത്തി നടക്കുന്നതിനാൽ വടകരയിൽ ഓട്ടം അവസാനിപ്പിക്കുന്ന കോയമ്പത്തൂർ-കണ്ണൂർ മെമുവിലെ യാത്രക്കാർ വീടണയാനുള്ള ഓട്ടപ്പാച്ചിലിലാണ്. കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂരിലേക്കുള്ള നിരവധി യാത്രക്കാരാണ് വർഷങ്ങളായി ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. കണ്ണൂർ-എടക്കാട് സെക്ഷനിൽ പാളത്തിൽ എൻജിനീയറിങ് പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 10 മുതൽ രാത്രി 7.30ന് മെമു വടകരയിൽ സർവിസ് അവസാനിപ്പിക്കുകയാണ്. യാത്രക്കാരില്ലാതെ രാത്രി വൈകി കണ്ണൂരിലെത്തിക്കുന്ന വണ്ടി തിരിച്ച് രാവിലെ 6.20ന് കോയമ്പത്തൂരിലേക്ക് തിരിക്കും. നിലവിൽ ആഗസ്റ്റ് 20 വരെയാണ് യാത്രാനിയന്ത്രണം. സ്വാതന്ത്ര്യദിനത്തിൽ പ്രവൃത്തി നടക്കാത്തതിനാൽ മെമു സാധാരണപോലെ സർവിസ് നടത്തും.
കോയമ്പത്തൂർ മെമു വടകരയിൽ യാത്ര അവസാനിപ്പിക്കുന്നതോടെ ബസ് സ്റ്റാൻഡിലേക്ക് യാത്രക്കാരുടെ ഓട്ടമാണ്. റെയിൽവേ സ്റ്റേഷനിൽനിന്നും ബസ് സ്റ്റാൻഡിലേക്ക് ഓട്ടോ പിടിക്കാനും സ്റ്റാൻഡിൽനിന്ന് കണ്ണൂർ ബസ് കയറാനും യാത്രക്കാരുടെ തിരക്കാണ്.
ട്രാഫിക് പൊലീസ് നിയന്ത്രണത്തിലുള്ള പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിൽ ഓട്ടോ കയറാനായി യാത്രക്കാരുടെ നീണ്ട നിരയും. കണ്ണൂർ, തലശ്ശേരി, മാഹി ഭാഗങ്ങളിലേക്കുള്ള നൂറുകണക്കിന് യാത്രക്കാരാണ് വടകര സ്റ്റേഷനിൽ വന്നിറങ്ങുന്നത്. ഇവിടെനിന്നും ബസ് സ്റ്റാൻഡിലെത്തണമെങ്കിൽ ഒരു കിലോമീറ്ററിലധികം നടക്കണം. യാത്രക്കാർക്ക് പോകാൻ ആവശ്യമായ ഒട്ടോറിക്ഷകളും ഇവിടെയില്ല.
ബസ് സ്റ്റാൻഡിലും യാത്രക്കാരുടെ തിക്കും തിരക്കുമാണ്. കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന ബസുകളിൽ കയറിപ്പറ്റാൻ യാത്രക്കാരുടെ പെടാപ്പാടാണ്.
കോഴിക്കോടും കോയമ്പത്തൂരിലുമുള്ള ആശുപത്രികളിൽ ചികിത്സാർഥം പോയി വരുന്നവർക്കും പ്രായമായവർക്കും ബസിൽ കയറിപ്പറ്റാൻ പ്രയാസമാണ്. യാത്രാനിയന്ത്രണം സംബന്ധിച്ച വിവരം പ്രധാന സ്റ്റേഷനുകളിൽ അറിയിപ്പായി ഉച്ചഭാഷിണിയിൽ വിളിച്ചുപറയുന്നുണ്ടെങ്കിലും ലോക്കൽ സ്റ്റേഷനുകളിൽനിന്ന് കയറുന്നവർ കാര്യമറിയാതെ ബുദ്ധിമുട്ടിലാവുകയാണ്.
2.15ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് 6.32ന് കോഴിക്കോട്ടെത്തി രാത്രി ഒമ്പതിന് കണ്ണൂരിൽ ഓട്ടം അവസാനിപ്പിക്കുന്ന ട്രെയിനിനെ സ്ഥിരം യാത്രക്കാരടക്കം നിരവധിപേരാണ് ആശ്രയിക്കുന്നത്. വടകര, മാഹി, ജഗന്നാഥ് ടെമ്പിൾ ഗേറ്റ്, തലശ്ശേരി, എടക്കാട്, കണ്ണൂർ സൗത്ത് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. വൈകീട്ട് 5.15ന് കോഴിക്കോടുനിന്ന് നേത്രാവതി എക്സ്പ്രസ് പോയശേഷം കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് മെമു ആണ് ആശ്വാസം. 9.10ന് കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ഉണ്ടെങ്കിലും എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പില്ല.
പ്രവൃത്തി നീളും
കണ്ണൂരിൽ റെയിൽവേ എൻജിനീയറിങ് പ്രവൃത്തി ഈ മാസം 20നും പൂർത്തിയാകില്ലെന്നാണ് കരുതുന്നത്. എടക്കാട് മുതൽ കണ്ണപുരം പാളത്തിലെ സ്ലീപ്പറുകൾ (പ്രീ സ്ട്രസ്ഡ് കോൺക്രീറ്റ് സ്ലീപ്പർ) മാറ്റുന്ന പ്രവൃത്തിയാണ് നടക്കുന്നത്. എടക്കാട് മുതൽ കണ്ണപുരം വരെ പഴയ സ്ലീപ്പറുകൾ മാറ്റി പുതിയവ സ്ഥാപിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.