ആനമതിൽതന്നെ വേണം; കലക്ടറേറ്റ് മാർച്ച് 20ന്
text_fieldsഇരിട്ടി: ആറളം ഫാമിൽ ആനമതിൽതന്നെ നിർമിക്കണമെന്നാവശ്യപ്പെട്ട് 20ന് ഫാമിലെ ആദിവാസി കുടുംബങ്ങളെ അണിനിരത്തി കലക്ടറേറ്റ് മാർച്ച് നടത്താൻ ആദിവാസി ക്ഷേമസമിതി ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ഒന്നാം പിണറായി സർക്കാർ ഫാമിൽ ആനമതിൽ നിർമിക്കാൻ 22 കോടി രൂപ അനുവദിച്ചിരുന്നു. നിർമാണത്തിന് പൊതുമരാമത്ത് വകുപ്പിന് 11 കോടി രൂപ ആദ്യഗഡുവായി പട്ടികവർഗ ക്ഷേമവകുപ്പ് അനുവദിക്കുകയും ചെയ്തു. പ്രവൃത്തി തുടങ്ങാനിരിക്കെ ആനമതിലിനു പകരം തൂക്കുവേലി മതിയെന്ന ഹൈകോടതി ഉത്തരവ് മേഖലയിൽ കനത്ത പ്രതിഷേധമുണ്ടാക്കിയിരിക്കുകയാണ്.
നിയമപ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച് ഫാമിൽ ആനമതിൽതന്നെ നിർമിച്ച് ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. ജില്ലയിലെ ഭൂരഹിതരായ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും വീടും ഭൂമിയും നൽകണം. ഈ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. യോഗത്തിൽ എ.കെ.എസ്. സംസ്ഥാന ജോ. സെക്രട്ടറി പി.കെ. സുരേഷ് ബാബു, ജില്ല സെക്രട്ടറി കെ. മോഹനൻ, ടി.സി. ലക്ഷ്മി, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.