അടുത്തമാസം കോളജ് ലീഗുകൾ തുടങ്ങും- മന്ത്രി വി. അബ്ദുറഹിമാൻ
text_fieldsപള്ളിക്കുന്ന് ഗവ. വനിത കോളജിൽ ഗ്രൗണ്ട് ആധുനികവത്കരണം, ഹോസ്റ്റൽ, സ്വിമ്മിങ് പൂൾ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കണ്ണൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംസ്ഥാനത്ത് അടുത്തമാസം കോളജ് ലീഗുകൾ തുടങ്ങുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജിൽ ഗ്രൗണ്ട് ആധുനികവത്കരണം, കായിക വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ നിർമാണം, സ്വിമ്മിങ് പൂൾ നിർമാണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് കോളജ് ലീഗുകൾ ആരംഭിക്കുന്നത്. കോളജുകൾ കായിക വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനങ്ങളായതുകൊണ്ടാണ് കായിക വകുപ്പ് അഞ്ച് ഇനങ്ങളിലായി കോളജ് ലീഗുകൾ നടത്തുന്നത്. വനിതകൾക്ക് പ്രാധാന്യം നൽകുന്ന പിങ്ക് സ്പോർട്സ് എന്ന ആശയം സർക്കാറിനുണ്ട്. വനിത കോളജിൽ പ്രവൃത്തി ആരംഭിക്കുന്ന കളിക്കളത്തിന് പിങ്ക് സ്റ്റേഡിയം എന്ന പേര് നൽകണമെന്ന് മന്ത്രി നിർദേശിച്ചു. എല്ലാ കോളജുകളിലും സ്പോർട്സ് കൗൺസിലുകൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. കായിക അടിസ്ഥാന സൗകര്യ വികസനത്തിന് 225 കോടി രൂപയുടെ പദ്ധതികളാണ് കണ്ണൂർ ജില്ലയിൽ മാത്രമായി നടപ്പാക്കുന്നത്. 60 കോടി രൂപ ചെലവിൽ കണ്ണൂരിലെ ഏറ്റവും വലിയ സ്റ്റേഡിയം തളിപ്പറമ്പിൽ വരാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന കായിക വകുപ്പ് അഞ്ചു കോടി രൂപ ചെലവഴിച്ചാണ് വനിത കോളജിൽ ആധുനികവത്കരണം നടത്തുന്നത്. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു. മന്ത്രിയുടെ അഭ്യർഥന പ്രകാരം കോളജിൽ ഇ-സ്പോർട്സ് യൂനിറ്റ് ആരംഭിക്കാൻ 25 ലക്ഷം രൂപ അനുവദിക്കുന്നതായി എം.എൽ.എ അറിയിച്ചു.
സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, കൗൺസിലർമാരായ കൂക്കിരി രാജേഷ്, വി.കെ. ഷൈജു, എ. കുഞ്ഞമ്പു, ടി. രവീന്ദ്രൻ, കായിക യുവജനകാര്യ ഡയറക്ടർ പി. വിഷ്ണുരാജ്, പ്രിൻസിപ്പൽ ഡോ.കെ.ടി. ചന്ദ്രമോഹനൻ, വൈസ് പ്രിൻസിപ്പൽ സി.പി. സന്തോഷ്, കണ്ണൂർ സർവകലാശാല യൂനിയൻ ചെയർപേഴ്സൻ ആര്യ രാജീവൻ, വനിത കോളേജ് യൂനിയൻ ചെയർപേഴ്സൻ ടി.കെ. ഷാനിബ, പി.ടി.എ വൈസ് പ്രസിഡന്റ് കെ. പ്രവീൺ, പ്രഫ. ശ്യാംനാഥ്, പി.സി. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.