വരൂ... കാണാം, അറിയാം ടൂറിസ്റ്റ് കാരവന്
text_fieldsകണ്ണൂര്‍: സംസ്ഥാന ടൂറിസം വകുപ്പിന്റെ നൂതന പദ്ധതിയായ 'കാരവന് കേരള'യുടെ ഭാഗമായി കാരവനുകളുടെ പ്രദര്‍ശനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ കണ്ണൂരിൽ നടക്കും. പുതിയതെരുവിലെ ഹോട്ടല്‍ മാഗ്നറ്റിലാണ് പ്രദർശനം. പ്രമുഖ വാഹന നിര്‍മാതാക്കളായ ബെന്‍സ്, ഫോഴ്സ്, ഇസൂസു എന്നിവ പുറത്തിറക്കിയ കാരവനുകളാണ് പ്രദർശനത്തിന് ഒരുക്കുന്നത്. പൊതുജനങ്ങളെയും മാധ്യമങ്ങളെയും ബിസിനസ് സമൂഹത്തെയും കാരവനുകള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
കാരവന് ടൂറിസത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന മലബാര്‍ മേഖലയിലെ സംരംഭകര്‍ക്ക് കാരവന് കമ്പനി പ്രതിനിധികളുമായി സംവദിക്കാനും അവസരമുണ്ട്. രാവിലെ എട്ടുമുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ടൂർ ഓപറേറ്റർമാരെ മലബാറിലെത്തിച്ച് വിവിധ കേന്ദ്രങ്ങളും അനുഭവങ്ങളും പരിചയപ്പെടുത്തുന്നതിനായി 'ഫാം 2 മലബാര്‍ 500' എന്ന പേരിലുള്ള പദ്ധതി ടൂറിസം വകുപ്പ് നടത്തുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ പ്രമുഖരായ 500ഓളം ട്രാവൽ, ടൂർ ഓപറേറ്റർമാരെ കണ്ണൂരിലെയും കാസർകോട്ടെയും വിനോദ സഞ്ചാര കേന്ദ്രങ്ങൾ നേരിട്ടുകാണിച്ച് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി മുംബൈ, പുണെ, കോലാപുര്‍, ബംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള ടൂർ ഓപറേറ്റർമാരുടെ 70 പേരടങ്ങുന്ന ആദ്യസംഘം തിങ്കളാഴ്ച കണ്ണൂരിലെത്തി. ചാലയിലെ കാവിൽ തെയ്യംകണ്ട് യാത്ര തുടങ്ങിയ സംഘം അടുത്ത ദിവസങ്ങളിൽ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ സന്ദര്‍ശനം നടത്തും. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സുമായി സഹകരിച്ചാണ് 'ഫാം 2 മലബാര്‍ 500' പരിപാടി ഒരുക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചേംബർ ഹാളിൽ ടൂറിസം അഡീഷനൽ സെക്രട്ടറി ഡോ. വി. വേണു നിർവഹിക്കും.
വാർത്തസമ്മേളനത്തിൽ ചേംബർ ഭാരവാഹികളായ ജോസഫ് ബെനവൻ, ടി.കെ. രമേഷ് കുമാർ, ഹനീഷ് വാണിയങ്കണ്ടി, സി. അനിൽകുമാർ, കെ.കെ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.