വരൂ, നമുക്കൊരു സംരംഭം തുടങ്ങാം...
text_fieldsകണ്ണൂർ: തൊഴിൽ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനായി സംസ്ഥാന സര്‍ക്കാറിന്റെ 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' പദ്ധതിയുടെ ഭാഗമായി സംരംഭകരെ കണ്ടെത്താന്‍ ജില്ലയില്‍ നടത്തുന്ന ശില്‍പശാലകള്‍ അന്തിമഘട്ടത്തില്‍.
65 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതുവരെ ശില്‍പശാല നടത്തി. നഗരസഭകളിലും പഞ്ചായത്തുകളിലും നടത്തുന്ന പരിപാടി മേയ് അവസാനത്തോടെ പൂര്‍ത്തിയാകും. ലക്ഷ്യം യാഥാർഥ്യമാകുന്നതോടെ ലക്ഷക്കണക്കിനു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സുസ്ഥിരമായ തൊഴിൽ സാഹചര്യം ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതിയ സംരംഭങ്ങൾ ഉടൻ തുടങ്ങാനുള്ള പദ്ധതികൾ തയാറായി.
സംരംഭം തുടങ്ങാനുള്ള മോഹവുമായി ഓഫിസുകൾ കയറിയിറങ്ങി മടുത്തവർക്ക് പ്രതീക്ഷ നൽകുന്നതാണ് സർക്കാറിന്റെ പുതിയ പദ്ധതി. നിയമത്തിന്റെ നൂലാമാലകളിൽപെടുത്തി സംരംഭം തുടങ്ങാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കരുതെന്നാണ് സംരംഭകർക്ക് പറയാനുള്ളത്.
വായ്പമേള ജൂണിൽ
ജൂണില്‍ രണ്ടാംഘട്ടമായ വായ്പമേള ആരംഭിക്കും. തുടര്‍ന്ന് സംരംഭങ്ങള്‍ തുടങ്ങാന്‍ ലൈസന്‍സും അനുബന്ധ രേഖകളും ലഭ്യമാക്കാന്‍ സഹായിക്കും. നാലു ശതമാനം പലിശനിരക്കിൽ വായ്പ ലഭ്യമാക്കുന്നതിനാണ് സർക്കാർ ശ്രമം. സംരംഭക വർഷം പദ്ധതിക്കായി 120 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ജില്ലയില്‍ 11,366 സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 20 മുതല്‍ 40 ശതമാനം വരെ സബ്സിഡി ലഭിക്കും. ഇതുവരെ നടന്ന ശില്‍പശാലകളില്‍ മികച്ച പങ്കാളിത്തമാണ് ഉണ്ടായത്.
സംരംഭകരുടെ ഉൽപന്നങ്ങൾക്കു 'മെയ്ഡ് ഇൻ കേരള' ബ്രാൻഡ് നൽകാനാണ് ഉദ്ദേശിക്കുന്നത്. സഹകരണ വകുപ്പുമായി സഹകരിച്ച് പ്രധാന കേന്ദ്രങ്ങളിൽ സൂപ്പർ മാർക്കറ്റ് ചെയിൻ സ്ഥാപിക്കാനും ആലോചനയുണ്ട്. തൊഴിൽ അന്വേഷകരെ അന്വേഷിച്ച് അവരുടെ വീടുകളിലേക്കുപോകുന്ന പുതിയ പദ്ധതിയും യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ്. കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ് അംഗങ്ങളാണ് വീടുകളിലെത്തി 18 മുതൽ 59 വയസ്സ് വരെയുള്ളവരുടെ വിവര ശേഖരണം നടത്തുക.
നടപടിയാക്കാൻ സഹായം
സംരംഭങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും മറുപടി തരാൻ ആളുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രത്യേക വ്യവസായ ഓഫിസര്‍മാരെ (ഇന്റേണ്‍മാരെ) നിയമിച്ചിട്ടുണ്ട്.
പയ്യന്നൂര്‍, തലശ്ശേരി നഗരസഭകൾ, കണ്ണൂര്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും മറ്റ് നഗരസഭകളില്‍ രണ്ടുപേര്‍ വീതവും പഞ്ചായത്തുകളില്‍ ഒരാളെ വീതവുമാണ് നിയമിച്ചത്. ഇവർക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.
സംരംഭകരുടെ വിവര ശേഖരണം, ഓൺലൈൻ സേവനങ്ങളായ ലൈസൻസ്, സബ്സിഡി, ലോൺ തുടങ്ങിയവക്ക് അപേക്ഷ തയാറാക്കൽ, മറ്റ് സഹായങ്ങൾ എന്നിവയാണ് വ്യവസായ ഓഫിസര്‍ ഉറപ്പാക്കുക.
തദ്ദേശ സ്ഥാപനങ്ങളില്‍ നിരീക്ഷണ സമിതിയും രൂപവത്കരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍, വ്യവസായ ഓഫിസര്‍, വികസന കാര്യ അധ്യക്ഷന്‍, ലീഡ് ബാങ്ക് മാനേജര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് നിരീക്ഷണ സമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.