കണ്ണൂർ സർവകലാശാല പ്രവേശനത്തിൽ കരാേട്ട പടിക്കുപുറത്ത്
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ സ്പോർട്സ് േക്വാട്ട പ്രവേശന കടമ്പ കടക്കണമെങ്കിൽ കരാേട്ട താരങ്ങൾ അൽപം വെള്ളം കുടിക്കേണ്ടിവരും. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് (എ.ഐ.യു) അംഗീകരിച്ച ഇനങ്ങൾ പരിഗണിക്കണമെന്നും കണ്ണൂർ സർവകലാശാലയിൽ ഇൻറർ കൊളീജിയറ്റ് ഇനങ്ങൾക്ക് മുൻഗണന നൽകണമെന്നുമാണ് സർവകലാശാല ഉത്തരവിൽ പറയുന്നത്. കരാേട്ട അടക്കമുള്ളവ എ.ഐ.യു അംഗീകരിച്ച ഇനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പ്രവേശനത്തിന് പരിഗണിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർഥികൾ രംഗത്തെത്തി.
തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ ഉർദുവിന് സ്പോർട്സ് േക്വാട്ട റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ കരാേട്ട സംസ്ഥാന താരമായ വിദ്യാർഥിയെ തഴയുന്നുവെന്നാണ് പരാതി. ബി.ബി.എ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ദേശീയ താരവും സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ മെഡൽ ജേതാവുമായ വിദ്യാർഥിയെയും പരിഗണിക്കില്ലെന്നാണ് അറിയുന്നത്. ത്രോബാൾ, ബേസ്ബാൾ ഇനത്തിലും സർവകലാശാല ഇതേ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കായിക മേഖലയിലുള്ളവർ പറയുന്നു.
മറ്റ് സർവകലാശാലകളിൽ ഈയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ പ്രവേശനത്തിന് പരിഗണിക്കാറുണ്ട്. ഇൻറർ കൊളീജിയറ്റ് മത്സരങ്ങളില്ലെന്നതാണ് കരാേട്ട വിദ്യാർഥികളെ പരിഗണിക്കാത്തതിന് കാരണമെന്നാണ് സർവകലാശാല അറിയിച്ചത്. കരാേട്ടയിൽ കഴിഞ്ഞ തവണ ഓപൺ സെലക്ഷൻ നടത്തിയിരുന്നെങ്കിലും ഇൻറർ കൊളീജിയറ്റ് നടത്തിയിരുന്നില്ല. ഇൻറർ കൊളീജിയറ്റ് മത്സരങ്ങൾ നടത്തുന്ന കായിക ഇനങ്ങൾക്ക് മാത്രമേ സ്പോർട്സ് േക്വാട്ട പ്രവേശനം നൽകാനാവൂ എന്നു പറയുന്ന സർവകലാശാല ഈ ഗെയിമുകൾക്ക് ഇൻറർ കൊളീജിയറ്റ് മത്സരങ്ങൾ നടത്തുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
കളരി എ.ഇ.യു ഇനങ്ങളിൽ ഉൾപ്പെട്ടതല്ലെങ്കിലും ഇൻറർ കൊളീജിയറ്റ് നടത്തുന്നതിനാൽ പ്രവേശനത്തിൽ പരിഗണിക്കുന്നുണ്ട്. ഈ പരിഗണന മറ്റ് ഇനങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. സർവകലാശാലയിൽനിന്ന് കൃത്യമായ നിർദേശം വന്നശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് കോളജ് അധികൃതർ. എന്നാൽ, ഇൻറർ കൊളീജിയറ്റ് ഇനങ്ങൾക്ക് മാത്രം പ്രവേശനത്തിന് മുൻഗണന നൽകുകയെന്നതാണ് സർവകലാശാല നിയമമെന്ന് ഡയറക്ടർ ഡോ. കെ.പി. മനോജ് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.