യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി
text_fieldsഇരിട്ടി: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് ബന്ധുക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. മിനിമോൾ മാത്യു (55), മകൾ അമ്മു ശ്വേത (26) എന്നിവർ ബന്ധുക്കളിൽനിന്ന് കവർന്നത് ലക്ഷങ്ങൾ. കർണാടകയിലെ ഉപ്പനങ്ങാടി കുപ്പട്ടിയിൽ വാടക വീട്ടിൽ താമസിച്ചു വന്നിരുന്ന പ്രതികൾ ബന്ധുക്കളെ തിരഞ്ഞുപിടിച്ചു നടത്തിയ തട്ടിപ്പ് ഇന്നലെയാണ് പുറത്താവുന്നത്.
എടപ്പുഴയിൽ താമസിക്കുന്ന പ്രതിയുടെ ബന്ധുകൂടിയായ കുന്നത്തുമാക്കൾ ചാക്കോ ആറളം പൊലീസ് സ്റ്റേഷനിലും മറ്റൊരു ബന്ധുവായ വിളമന കടുകുന്നേൽ അഷിത മാത്യു ഉളിക്കൽ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്.
ചാക്കോയിൽ നിന്ന് മകന് യു.കെയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു പലപ്പോഴായി ബാങ്ക് അക്കൗണ്ടിലൂടെ 13,03,000 രൂപയും, അഷിതയിൽ നിന്ന് യു.കെയിൽ കെയർ ടേക്കർ ആയി രണ്ട് ലക്ഷം രൂപ ശമ്പളത്തിൽ ജോലി വാങ്ങി നൽകാൻ 13.47 ലക്ഷം രൂപയും ബാങ്കിലൂടെ ഇവർ കൈപ്പറ്റിയതായാണ് പരാതിയിൽ പറയുന്നത്. നിരവധി തവണ അവധി മാറ്റിയതോടെ സംശയം തോന്നിയ ബന്ധുക്കൾ ഉപ്പനങ്ങാടിയിലെ കുപ്പട്ടിയിൽ എത്തിയപ്പോൾ മിനിയും മകൾ അമ്മു ശ്വേതയും താമസം മാറിയതായി മനസ്സിലാക്കി. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ അമ്മയും മകളും തൃശൂരിൽ കൂർക്കഞ്ചേരി വടക്കൻകുഴിയിൽ വാടകവീട്ടിൽ താമസിക്കുന്നുണ്ടെന്നും വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും കാണിച്ച് ഇരിട്ടി എ.എസ്.പിക്ക് അടക്കം പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ.
അർമീനിയയിൽ എം.ബി.ബി.എസ് വിദ്യാർഥിയായിരുന്ന അമ്മു പഠനം പൂർത്തിയാക്കാതെ നാട്ടിൽ എത്തിയ ശേഷമാണ് തട്ടിപ്പിൽ ഏർപ്പെട്ടതെന്നും ഇരുവർക്കുമെതിരെ സമാനമായ മൂന്നോളം തട്ടിപ്പ് കേസ് മംഗലാപുരത്ത് നിലവിലുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
12 ലക്ഷം നഷ്ടപ്പെട്ട മടമ്പത്തുള്ള മറ്റൊരു ബന്ധു ഇന്ന് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.