സമ്പൂർണ കായിക സാക്ഷരത: 1500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
text_fieldsകണ്ണൂർ/മുഴപ്പിലങ്ങാട്: പത്ത് വർഷം കൊണ്ട് കേരളത്തെ സമ്പൂർണ കായിക സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമടം എം.എൽ.എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി മുഴപ്പിലങ്ങാട് പഞ്ചായത്തിൽ നിർമിച്ച ഇ.കെ. നായനാർ ഇൻഡോർ സ്റ്റേഡിയം കച്ചേരി മെട്ട സ്റ്റേഡിയം, ക്ലോക്ക് റൂം കോപ്ലക്സ് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട കായിക സംസ്കാരം ഉണ്ടാവണമെങ്കിൽ മെച്ചപ്പെട്ട കായിക സാക്ഷരത വേണ്ടതുണ്ട്. അടിസ്ഥാന കായിക വിദ്യാഭ്യാസം നഗര ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങളിൽ എത്തിച്ചുകൊണ്ട് കായിക സംസ്കാരം രൂപപ്പെടുത്താൻ കഴിയും -മുഖ്യമന്ത്രി പറഞ്ഞു.
ഏവർക്കും ആരോഗ്യം എന്ന ആശയത്തിൽ ഊന്നി ഒരു കായിക നയം സർക്കാർ രൂപവത്കരിച്ചിട്ടുണ്ട്. ഈ ലക്ഷ്യം നേടാൻ അടിസ്ഥാന കായിക സൗകര്യങ്ങൾ വികസിക്കണം. ഇതിന് 1500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. ഇതിന്റെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ തലത്തിൽ സ്പോർട്സ് കൗൺസിൽ രൂപവത്കരിച്ചത്. കായിക സാക്ഷരത നേടുകയെന്നത് ശ്രമകരമായ പ്രവർത്തനമാണ്. ഇതിന് കായിക താരങ്ങൾ, പരിശീലകർ, മാധ്യമങ്ങൾ തുടങ്ങി സർവരുടെയും പിന്തുണ വേണം -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഡോ. കെ. ശിവദാസൻ എം.പി അധ്യക്ഷത വഹിച്ചു.
അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.കെ. ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ.വി. ബിജു, കെ.ടി. ഫർസാന, മണ്ഡലം പ്രതിനിധി ബാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വിജേഷ്, കെ. ശോഭ തുടങ്ങിയവർ സംസാരിച്ചു. കുളംകടവ് റോഡിൽ കച്ചേരിമട്ട സ്റ്റേഡിയത്തോട് ചേർന്നാണ് ഇൻഡോർ സ്റ്റേഡിയവും നിർമിച്ചിരിക്കുന്നത്. ധർമടം മണ്ഡലത്തിലെ പ്രഥമ ഇൻഡോർ സ്റ്റേഡിയം കൂടിയാണിത്. രണ്ട് ഷട്ടിൽ കോർട്ട്, വോളിബാൾ കോർട്ട് എന്നിവയുള്ള പൂർണമായും വൈദ്യുതീകരിച്ച സ്റ്റേഡിയത്തിനകത്ത് ക്ലോക്ക് റൂം, ടോയ്ലറ്റ് സംവിധാനവും 250 പേർക്കിരുന്നു കളി കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2018ൽ നിർമാണം ആരംഭിച്ച പ്രവൃത്തി ഒരു കോടി 36 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.