വിദ്യാഭ്യാസത്തിൽ ഇനി അഴീക്കോടൻ സമഗ്രമുന്നേറ്റം
text_fieldsകണ്ണൂർ: അഴീക്കോട് നിയമസഭ മണ്ഡലത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിനായുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി പഠനറിപ്പോര്‍ട്ട് തയാറാക്കി. പ്രീ പ്രൈമറി മുതല്‍ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാലയങ്ങളെ സംബന്ധിച്ച് പാലയാട് ഡയറ്റാണ് അവസ്ഥ പഠനറിപ്പോര്‍ട്ട് തയാറാക്കിയത്.
മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസിന് നല്‍കി മന്ത്രി വി. ശിവന്‍കുട്ടി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.
വിദ്യാഭ്യാസ രംഗം ആധുനികവത്കരിക്കാനും മെച്ചപ്പെട്ട വിദ്യാഭ്യാസം നടപ്പാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ വിദ്യാഭ്യാസ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എം.എല്‍.എ വിളിച്ച യോഗത്തിലാണ് വിദ്യാലയങ്ങളുടെ വിശദ റിപ്പോര്‍ട്ട് തയാറാക്കി വിദ്യാഭ്യാസ വികസന പദ്ധതിക്ക് രൂപംനല്‍കാന്‍ തീരുമാനിച്ചത്.
അടിസ്ഥാന സൗകര്യം, സാങ്കേതികവിദ്യ സംവിധാനങ്ങള്‍, അക്കാദമിക് നിലവാരം, വിനോദ-കായിക സൗകര്യങ്ങള്‍, ലൈബ്രറി-ലാബ് സംവിധാനങ്ങള്‍ എന്നിങ്ങനെ ഓരോ മേഖലയിലെയും സ്ഥിതിവിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഓരോ വിദ്യാലയത്തിലും ആവശ്യമായ ഇടപെടലുകളും മുന്‍ഗണനയും റിപ്പോര്‍ട്ട് കണ്ടെത്തി മുന്നോട്ട് വെക്കുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് മണ്ഡലംതലത്തില്‍ ശില്‍പശാല സംഘടിപ്പിച്ച് ആവശ്യമായ പദ്ധതികള്‍ക്ക് രൂപംനല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും വിപുലമായ ജന പങ്കാളിത്തത്തോടെ വിദ്യാഭ്യാസ മുന്നേറ്റത്തിനുതകുന്ന സമഗ്ര പദ്ധതി നടപ്പാക്കുമെന്നും എം.എല്‍.എ പറഞ്ഞു.
കെ.വി. സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം. പ്രകാശന്‍, ജെയിംസ് മാത്യു, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അജീഷ്, പി. ശ്രുതി, കെ. രമേശന്‍, എ.വി. സുശീല, കൗണ്‍സിലര്‍ ടി. രവീന്ദ്രന്‍, കെ.പി. ജയപാലന്‍, കെ. സുനില്‍കുമാര്‍, കെ. വിനോദ് കുമാര്‍, പി.വി. പ്രദീപന്‍, കെ. ബീന എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.