ഒത്തുതീർപ്പ്; സി.എം.പി കണ്ണൂർ ജില്ല ഓഫിസ് പ്രവർത്തനം പുനരാരംഭിച്ചു
text_fieldsകണ്ണൂർ: ഏറെക്കാലത്തിനു ശേഷം യോഗശാല റോഡിലെ ഇ.പി സ്മാരക മന്ദിരത്തിൽ സി.എം.പി ജില്ല കൗൺസിൽ ഓഫിസ് പ്രവർത്തനം പുനരാരംഭിച്ചു. മൂന്നുനില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിലാണ് വെള്ളിയാഴ്ച മുതൽ ഓഫിസ് പ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഐ.ആർ.പി.സി ഓഫിസ് രണ്ടാംനിലയിലേക്ക് മാറ്റും. ഇതോടെ നേരത്തെ ജില്ല കൗൺസിൽ മെയിൻ ഓഫിസായി പ്രവർത്തിച്ച രണ്ടാം നിലയിലെ കെട്ടിടത്തിലേക്ക് ഓഫിസും താഴത്തെ നിലയിൽ പി.എം. ഗോപാലൻ സ്മാരക കോൺഫറൻസ് ഹാളും പ്രവർത്തിക്കും.
സി.എം.പി പിളരുകയും എം.വി. രാഘവനെ അനുകൂലിച്ച ഒരു വിഭാഗം സി.പി.എമ്മിയിൽ ലയിച്ചതോടെയാണ് ജില്ല കമ്മിറ്റി ഓഫിസ് വിവാദമായത്. സി.പി.എമ്മിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്ത ഓഫിസ് ഐ.ആർ.പി.സിയുടെ ഓഫിസാക്കി മാറ്റുകയും ചെയ്തിരുന്നു.
ഒന്നാം നില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഐ.ആർപി.സിയെ ഒഴിപ്പിക്കുന്നതിന് സി.എം.പി ജില്ല സെക്രട്ടറി പി. സുനിൽകുമാർ കണ്ണൂർ മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ കെട്ടിടത്തിൽ നിന്ന് ഒരു മാസത്തിനകം ഐ.ആർ.പി.സി ഒഴിഞ്ഞു പോകാനും താഴത്തെ ഹാളിലും രണ്ടാം നിലയിലും മറ്റുള്ളവർ പ്രവേശിക്കുന്നത് തടഞ്ഞുമുള്ള ഇൻജങ്ഷൻ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. കണ്ണൂർ മുൻസിഫ് കോടതിയുടെ 2023 ഒക്ടോബർ 30 ലെ ഉത്തരവിനെതിരെ ഐ.ആർ.പി.സി അപ്പീൽ ഫയൽ ചെയ്തിരുന്നു. തുടർന്ന് സി.പി.എം -സി.എം.പി ജില്ല നേതൃത്വങ്ങൾ തമ്മിൽ ഒത്തു തീർപ്പ് ചർച്ചകൾ ആരംഭിച്ചു. നിരവധി തവണ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തർക്കത്തിൽ ഒത്തുതീർപ്പുണ്ടായത്.
ഇതുപ്രകാരം താഴത്തെ നില ഹാളും, ഒന്നാം നിലയും സി.എം.പി ജില്ല കൗൺസിൽ ഓഫിസായി പ്രവർത്തിക്കും. രണ്ടാം നില ഐ.ആർ.പി.സിയുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിന് വിട്ടുനൽകാനും തീരുമാനമായി. കെട്ടിടവുമായി ബന്ധപ്പെട്ട അപ്പീൽ കേസും 2016 ലെ സബ് കോടതി വിധിക്കെതിരായി 2020ൽ ഫയൽ ചെയ്ത അപ്പീൽ പുനഃസ്ഥാപന ഹരജിയും പിൻവലിക്കും. ഒത്തുതീർപ്പ് വ്യവസ്ഥകൾ കോടതിയെ അറിയിച്ച് രണ്ട് കേസുകളും തീർപ്പാക്കും.
കെട്ടിടവുമായി ബന്ധപ്പെട്ട തർക്കങ്ങൾ രണ്ടു മാസത്തിനുള്ളിൽ ശാശ്വതമായി പരിഹരിക്കാനാണ് ധാരണയായത്. സി.പി.എം നേതാക്കളായ എം.വി. ജയരാജൻ, എം. പ്രകാശൻ എന്നിവരും സി.എം.പി നേതാക്കളായ സി.എ. അജീർ, പി. സുനിൽ കുമാർ എന്നിവരുമാണ് ചർച്ച നടത്തിയത്.
തുടർന്ന് ഇ.പി സ്മാരക മന്ദിരത്തിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ സി.എം.പി സംസ്ഥാന സെക്രട്ടറി സി.എ. അജീർ പതാക ഉയർത്തി. മാണിക്കര ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. സുനിൽകുമാർ സംസാരിച്ചു. തുടർന്ന് പാർട്ടി ജില്ല കൗൺസിൽ യോഗം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.