പെർമിറ്റില്ലാത്ത ഓട്ടോയിൽ ആളെ കയറ്റി; തൊഴിലാളികൾ തമ്മിൽ സംഘർഷം
text_fieldsകണ്ണൂര്‍: നഗരത്തിൽ പാര്‍ക്കിങ് പെർമിറ്റ് ഇല്ലാത്ത ഓട്ടോയിൽ യാത്രക്കാരെ കയറ്റിയതിനെ ചൊല്ലി തൊഴിലാളികള്‍ തമ്മില്‍ സംഘർഷം. ചൊവ്വാഴ്ച ഉച്ചയോടെ എന്‍.എസ് തിയറ്ററിനടുത്ത പാര്‍ക്കിങ് കേന്ദ്രത്തിന് സമീപത്തുനിന്ന് കോര്പറേഷന് പുറത്ത് ഓടുന്ന ഓട്ടോ ആളെ കയറ്റിയതാണ് പ്രശ്നത്തിനിടയാക്കിയത്. മറ്റു ഓട്ടോറിക്ഷക്കാർ ഇത് ചോദ്യം ചെയ്തപ്പോള്‍ അവിടെ നിന്ന് ഓട്ടോയുമായി കടന്നുകളഞ്ഞെങ്കിലും താലൂക്ക് ഓഫിസിന് മുന്നില്‍ വെച്ച് ഡ്രൈവർമാർ തടയുകയായിരുന്നു.
ഇതോടെയാണ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത്. സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്‍ നേതാവ് ലക്ഷ്മണന്റെ നേതൃത്വത്തിലാണ് ഓട്ടോ തടഞ്ഞത്. സർവിസ് നടത്തിയ ഓട്ടോ വിടില്ലെന്നും പൊലീസ് എത്തിയതിന് ശേഷം പോയാല്‍ മതിയെന്നുമായിരുന്നു ഓട്ടോ തടഞ്ഞവരുടെ നിലപാട്. ഇതോടെ നഗര പരിധിക്ക് പുറത്ത് നിന്ന് കൂടുതല്‍ ഓട്ടോറിക്ഷക്കാര്‍ എത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഒരുമണിക്കൂറിന് ശേഷം പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെയും ഓട്ടോയും സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. കോര്പറേഷന് പരിധിക്ക് പുറത്ത് നിന്നുള്ള ഓട്ടോകള്‍ നഗരത്തില്‍ പാര്‍ക്ക് ചെയ്ത് ആളുകളെ കയറ്റുന്നതിനെതിരെ നേരത്തേ തര്‍ക്കമുണ്ടായിരുന്നു.
കോര്പറേഷന് പരിധിയില്‍ നിന്ന് പുറത്തേക്ക് പോയാല്‍ അവിടെയുള്ള പാര്‍ക്കിങ് കേന്ദ്രത്തില്‍ നിന്ന് ആളുകളെ കയറ്റാന്‍ പാടില്ലെന്നാണ് നിയമം. ഇതേ നിയമം കോര്പറേഷന് പുറത്ത് നിന്ന് വന്ന് നഗരപരിധിയിലെ പാര്‍ക്കിങ് കേന്ദ്രത്തിലെത്തുന്ന വാഹനങ്ങള്‍ക്കും ബാധകമാണ്. ഇത് സംബന്ധിച്ച് കോടതി ഉത്തര വുണ്ടെന്നും അത് പാലിക്കാത്തവരെ തടയുമെന്നും സ്വതന്ത്ര ഓട്ടോറിക്ഷ യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.