സൗജന്യ മരുന്നിനെച്ചൊല്ലി ആശയക്കുഴപ്പം; ഇനാരമോളുടെ പുഞ്ചിരി വാടുമോ..?
text_fieldsകണ്ണൂര്‍: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന ജനിതക രോഗത്തിെൻറ പിടിയിലായ കണ്ണൂർ മുഴപ്പിലങ്ങാട്ടെ ഇനാര മോളുടെ ചികിത്സാ ശ്രമങ്ങൾക്ക്, സൗജന്യ മരുന്നിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം തിരിച്ചടിയായി. മരുന്നിന് ആവശ്യമായ 18 കോടി സമാഹരിക്കാൻ നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് ആേവശപൂർവം രംഗത്തിറങ്ങിയതിന് പിന്നാലെ, മരുന്ന് സൗജന്യമായി ലഭിക്കുമെന്ന് പ്രചരിച്ചത് ഫണ്ട് വരവ് തളർത്തി. 40 ലക്ഷത്തിനടുത്ത് മാത്രമാണ് ഇനാര മോൾക്കായുള്ള അക്കൗണ്ടിൽ ഇതുവരെ വന്നത്. തുടക്കത്തിൽ ദിവസം അഞ്ചുലക്ഷം വരെ വന്നിരുന്നത് ഇപ്പോൾ ലക്ഷത്തിൽ താഴെയായി.
എസ്.എം.എ ബാധിച്ച 36 കുട്ടികൾക്ക് സൗജന്യമായി മരുന്ന് ലഭ്യമാകുന്നുവെന്നായിരുന്നു, ഇനാരയെ ചികിത്സിക്കുന്ന ആസ്റ്റർ മിംസ് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് പുറത്തുവന്ന വാർത്ത. മരുന്ന് കമ്പനി ചാരിറ്റിയുടെ ഭാഗമായി നറുക്കെടുപ്പിലൂടെ ചില കുട്ടികൾക്ക് മരുന്ന് സൗജന്യമായി നൽകാറുണ്ട്. ഇനാര ഉൾപ്പെടെ 36 കുട്ടികളുടെ പേരുകൾ നറുക്കെടുപ്പിൽ പരിഗണിക്കാനായി ആസ്റ്റംർ മിംസ് മരുന്ന് കമ്പനിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഭാഗ്യം തുണച്ചാൽ കുറച്ചുപേർക്ക് മാത്രം ലഭിക്കുന്ന ആനുകൂല്യമാണ് 36 പേർക്കും സൗജന്യമരുന്ന് ലഭ്യമാകുന്നുവെന്ന നിലയിൽ പ്രചരിപ്പിക്കപ്പെട്ടത്.
മരുന്നുകമ്പനികളുടെ ചാരിറ്റി നറുക്കെടുപ്പിന് രോഗികളുടെ പേരുനിർദേശിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് ആസ്റ്റർ മിംസ് ക്ലസ്റ്റർ സി.ഇ.ഒ ഫർഹാൻ യാസീൻ പറഞ്ഞു. ഇതുവരെ നാലുപേർക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കി. കഴിഞ്ഞ തവണ ഇനാരയുടെ പേര് നൽകിയിരുന്നുവെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. ഇനിയും സാധ്യതകളുണ്ടെന്നും അതിനായി ശ്രമിക്കുന്നുണ്ടെന്നും ഫർഹാൻ തുടർന്നു. അതേസമയം, മരുന്ന് സൗജന്യമായി കിട്ടാനുള്ള സാധ്യത വളരെ ചെറുതാണെന്ന് ചികിത്സ സഹായ കമ്മിറ്റി ട്രഷറർ ഹാഷിം ബപ്പൻ ചൂണ്ടിക്കാട്ടി.
ഫണ്ട് സമാഹരണത്തെ പ്രതിസന്ധിയിലാക്കിയ പ്രചാരണത്തിൽ നിജസ്ഥിതി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച കണ്ണൂർ ചാല ആസ്റ്റർ മിംസിന് മുന്നിൽ പ്രതിേഷധ പരിപാടി സംഘടിപ്പിക്കുമെന്ന് ചികിത്സ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മുഴപ്പിലങ്ങാട് കെട്ടിനകത്തെ മുഹമ്മദ് റാഷിദിെൻറയും ഫാത്തിമ ഹിസാനയുടെയും മകളാണ് എട്ടുമാസം പ്രായമായ ഇനാര മർയം. അക്കൗണ്ട് നമ്പർ: എസ്.ബി.ഐ കാടാച്ചിറ 40344199787, IFSC: SBIN0071263, കേരള ഗ്രാമീണ്‍ ബാങ്ക് എടക്കാട്: 40502101030248, IFSC: KLGB0040502, ഗൂഗ്ള്‍ പേ: 9744918645, 8590508864.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.