എ.കെ.ജി മ്യൂസിയം നിർമാണം തുടങ്ങുന്നു
text_fieldsകണ്ണൂർ: മ്യൂസിയം വകുപ്പിന് കീഴിൽ ജന്മനാട്ടിൽ എ.കെ.ജിക്ക് ഉയരുന്ന മ്യൂസിയത്തിന്റെ നിർമാണം അടുത്ത മാസം തുടങ്ങും. ഒന്നര വർഷത്തിനകം പൂർത്തിയാകുന്ന രീതിയിൽ ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണക്കരാർ.
മ്യൂസിയം വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച് നിർമാണം ത്വരിതപ്പെടുത്താനുള്ള നിർദേശം നൽകി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രിയാണ് മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പെരളശ്ശേരി തൂക്കുപാലത്തിനടുത്ത് 3.21 ഏക്കർ സ്ഥലത്താണ് മ്യൂസിയമൊരുക്കുന്നത്. 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില കെട്ടിടവും ഏഴ് ഗാലറിയടങ്ങുന്ന പ്രദർശന സംവിധാനവും നിർമിക്കുന്നതിന് ഒമ്പത് കോടി രൂപയുടെ വിശദ പദ്ധതി രൂപരേഖ തയാറായി.
എ.കെ.ജിയുടെ ബാല്യം മുതലുള്ള ഓരോ ഘട്ടങ്ങളും ചരിത്രത്തോട് നീതിപുലർത്തുന്ന നിലയിൽ രേഖപ്പെടുത്തും. അധ്യാപകനായിരിക്കെ ദേശീയ പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായി മാറിയ എ.കെ.ജിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ അടയാളപ്പെടുത്തും.
എ.കെ.ജി നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾ ഡിജിറ്റലൈസ് ചെയ്യും. 130ഓളം പേർക്ക് ഇരിക്കാവുന്ന മിനി തിയറ്ററും ഇതിലുണ്ടാകും.
ചരിത്രം വെർച്വൽ റിയാലിറ്റിയിലൂടെ കൺമുന്നിൽ
ചിത്രങ്ങളും രേഖകളും ദൃശ്യശകലങ്ങളും വെർച്വൽ റിയാലിറ്റി സംവിധാനവും ഉപയോഗപ്പെടുത്തിയാണ് ചരിത്ര മുഹൂർത്തങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന സ്മൃതി മ്യൂസിയം ഒരുക്കുന്നത്.
ഉപ്പ് സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, പട്ടിണി ജാഥ, അമരാവതിയിൽ കുടിയൊഴിപ്പിക്കലിനെതിരെ നടന്ന സത്യഗ്രഹം, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എ.കെ.ജി നടത്തിയ ഇടപെടലുകൾ തുടങ്ങി സുപ്രധാന സംഭവങ്ങളുടെ രേഖകൾ ഇവിടെ പ്രദർശിപ്പിക്കും. കൂടാതെ പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളുടെ ശേഖരവും മ്യൂസിയത്തിൽ ഉണ്ടാകും. ഡിജിറ്റൽ ലൈബ്രറിയും മ്യൂസിയത്തിലുണ്ടാവും.
എ.കെ.ജിയെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ തിയറ്ററിൽ പ്രദർശിപ്പിക്കും. ഒരു വർഷത്തിനുള്ളിൽ മ്യൂസിയം നാടിന് സമർപ്പിക്കും. പുതുതലമുറക്ക് എ.കെ.ജിയെ അറിയാനും പഠിക്കാനുമുള്ള അവസരം എന്ന നിലയിലാണ് മ്യൂസിയം അദ്ദേഹത്തിന്റെ ജന്മനാട്ടിൽതന്നെ തുടങ്ങുന്നതെന്ന് മ്യൂസിയം ഡയറക്ടർ അബു ശിവദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.